‘സഭയുടെ വസ്തുക്കൾ ഇനിയും വില്‍ക്കും, കാശ് പുട്ടടിക്കും ആരുണ്ട് ചോദിക്കാൻ?’

0
76

കൊച്ചി: അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെ കര്‍ദ്ദിനാളിനെ പരിഹസിച്ച് അഡ്വക്കേറ്റ് എ ജയശങ്കര്‍. സഭയുടെ വസ്തുക്കള്‍ ഇനിയും വില്‍ക്കും, കാശ് പുട്ടടിക്കും ആരുണ്ട് ചോദിക്കാനെന്ന് ജയശങ്കര്‍ ഫെയ്‌സ് ബുക്കിൽ കുറിച്ചു. തനിക്കെതിരെ കേസെടുക്കാനാകില്ലെന്നും കാനോന്‍ നിയമം മാത്രമെ തനിക്ക് ബാധകമാവുകയുള്ളൂ എന്ന കര്‍ദിനാളിന്റെ വാദത്തെയാണ് ജയശങ്കര്‍ പരിഹസിച്ചത്.

ഇന്ത്യാ മഹാരാജ്യത്തെ നിയമവ്യവസ്ഥ കത്തോലിക്കാ തിരുസഭയ്ക്കു ബാധകമല്ല, കാനോൻ നിയമപ്രകാരം സഭയുടെ വസ്തുവകകൾ തന്നിഷ്ട പ്രകാരം വിറ്റു പുട്ടടിക്കാൻ തനിക്ക് അധികാരമുണ്ട്, ദൈവദത്തമായ ആ അധികാരത്തെ ചോദ്യം ചെയ്യാൻ ദൈവത്തിനു പോലും അധികാരമില്ല എന്നായിരുന്നു അത്യുന്നത കർദിനാളിൻ്റെ അവകാശവാദം. പോലീസിന്റെ നിലപാടും ഏറെക്കുറെ അതുതന്നെ ആയിരുന്നു- ജയശങ്കര്‍ ഫെയ്‌സ് ബുക്കിൽ കുറിച്ചു.

അഡ്വ എ.ജയശങ്കറിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമി കച്ചവടത്തെ പറ്റി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് കേരള ഹൈക്കോടതി കല്പിച്ചു.

ഇന്ത്യാ മഹാരാജ്യത്തെ നിയമവ്യവസ്ഥ കത്തോലിക്കാ തിരുസഭയ്ക്കു ബാധകമല്ല, കാനോൻ നിയമപ്രകാരം സഭയുടെ വസ്തുവകകൾ തന്നിഷ്ട പ്രകാരം വിറ്റു പുട്ടടിക്കാൻ തനിക്ക് അധികാരമുണ്ട്, ദൈവദത്തമായ ആ അധികാരത്തെ ചോദ്യം ചെയ്യാൻ ദൈവത്തിനു പോലും അധികാരമില്ല എന്നായിരുന്നു അത്യുന്നത കർദിനാളിൻ്റെ അവകാശവാദം. പോലീസിന്റെ നിലപാടും ഏറെക്കുറെ അതുതന്നെ ആയിരുന്നു.

എന്നാൽ ബഹു ഹൈക്കോടതിക്ക് അത് തീരെ ബോധ്യമായില്ല. കർദിനാളിന് തെറ്റാവരമില്ല, കാനോൻ നിയമത്തിനും മുകളിലാണ് ഇന്ത്യൻ ഭരണഘടന എന്ന് വിധി കല്പിച്ചു.

ജസ്റ്റിസ് ബി കെമാൽ പാഷയാണ് ഐതിഹാസികമായ ഈ വിധിന്യായം എഴുതിയത്. കഷ്ടിച്ച് മൂന്നു കൊല്ലം മുമ്പ്, നിതാന്ത വന്ദ്യ ദിവ്യശ്രീ കരിങ്ങോഴക്കൽ മാണിയെ കുരിശിൽ തറച്ചതും ഇതേ ജഡ്ജി ആയിരുന്നു.

സീസറിൻ്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം എന്ന പരാമർശത്തെ തുടർന്ന് പാവം മാണി രാജിവെച്ചു. എന്നാൽ, കെമാൽ പാഷ കേസെടുക്കാൻ കല്പിച്ചു എന്നുകരുതി കർദിനാൾ സ്ഥാനം ഉപേക്ഷിക്കാൻ മാർ ജോർജ് ആലഞ്ചേരി തയ്യാറല്ല. അദ്ദേഹം ആമരണം മേജർ ആർച്ച്ബിഷപ്പായി തുടരും. സഭയുടെ വസ്തുക്കൾ ഇനിയും വില്ക്കും, കാശ് പുട്ടടിക്കും. ആരുണ്ട് ചോദിക്കാൻ?