സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്കേറ്റം; ഒരാള്‍ മരിച്ചു

0
62

കാട്ടാക്കട: സുഹൃത്തുക്കള്‍ തമ്മില്‍ നടന്ന വാക്ക് തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. ആര്യനാട് കാഞ്ഞിരം മൂട് കച്ചേരി നടയില്‍ തിരുമല സ്വദേശി സുരേഷ് കുമാര്‍ നടത്തുന്ന വര്‍ക്ക് ഷോപ്പിലാണ് സംഭവം. ആര്യനാട് പള്ളിവേട്ട അംബിക വിലാസത്തില്‍ ജയകൃഷ്ണന്‍ (35) ആണ് മരിച്ചത്. സംഭവത്തില്‍ പരിക്കേറ്റ പള്ളിവേട്ട കടുവകുഴി സ്വദേശി അജി സോമനെ (34) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് വര്‍ക്ക്‌ഷോപ് ഉടമയും തിരുമല സ്വദേശിയുമായ സുരേഷ് കുമാറിനെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. ആശാരിമാരായ അജിതും ജയകൃഷ്ണനും സുരേഷിന്റെ വര്‍ക്ക്‌ഷോപ്പില്‍ ഒത്തുകൂടുന്നതും മദ്യപിക്കുന്നതും പതിവായിരുന്നു. ഇന്നലെ രാത്രി ഏഴു മണിയോടെ ഇവര്‍ ഒത്തുകൂടുകയും മദ്യപിക്കുയയും ചെയ്തു. ഇതിനിടെ നടന്ന വാക്ക് തര്‍ക്കം അടിയായി മാറി. തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് ഇവരെ പിന്തിരിപ്പിച്ചു പറഞ്ഞയച്ചു.

എന്നാല്‍ രാത്രി വീണ്ടും ഇവിടെയെത്തി ഇവര്‍ വഴകിടുകയും സംഭവം കണ്ട നാട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തി വര്‍ക്ക്‌ഷോപ്പില്‍ പരിശോധന നടത്തിയപ്പോഴാണ് ബോധരഹിതനായി കിടക്കുന്ന ജയകൃഷ്ണനെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ജയകൃഷ്ണന്റെ തലക്കും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റിരുന്നു. അജി സോമനും പരിക്കേറ്റിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.