സൈന്യത്തിന് ലഭിക്കുന്ന ബജറ്റിന്റെ ഭൂരിഭാഗവും വിനിയോഗിക്കുന്നത് രാജ്യത്തിന്റെ വികസനത്തിനായി; സൈനിക മേധാവി

0
68

ന്യൂഡല്‍ഹി: സൈന്യത്തിന് ലഭിക്കുന്ന ബജറ്റിന്റെ ഭൂരിഭാഗവും രാജ്യത്തിന്റെ വികസനത്തിനായാണ് ഉപയോഗിക്കുന്നതെന്ന് സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിനും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ സ്‌കൂളുകളും ആശുപത്രികളും കെട്ടിപ്പൊക്കുന്നതിനും മറ്റുമാണ് ഇത് ഉപയോഗിക്കുന്നത്.

അതിര്‍ത്തി സംരക്ഷിക്കാന്‍ ഇന്ത്യന്‍ സൈന്യത്തിനാകുമെന്ന വിശ്വാസമാണ് വിദേശ നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു. ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റിയില്‍ (ജെജിയു) രാജ്യത്തെ കെട്ടിപ്പൊക്കുന്നതില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പങ്ക് എന്ന വിഷയത്തില്‍ ക്ലാസ് എടുക്കുകയായിരുന്നു അദ്ദേഹം.

‘മനുഷ്യത്വമുള്ള സൈന്യമാണ് ഇന്ത്യയുടേത്. ഭീകരരുടെ ഭീഷണി തികച്ചും പ്രഫഷനലായാണ് സൈന്യം നേരിടുന്നത്. നവീന സാങ്കേതികവിദ്യയിലെ വളര്‍ച്ചയോട് സൈന്യം ചേര്‍ന്നുനിന്നേ മതിയാകൂ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ളവയുടെ വരവോടെ ഭാവിയിലെ വെല്ലുവിളികള്‍ നേരിടണമെങ്കില്‍ ഇതൊക്കെ അത്യാവശ്യമാണ്.

ഇന്ത്യയില്‍ സൈന്യം സംഘര്‍ഷങ്ങളെ മാത്രമല്ല നേരിടുന്നത്, രാജ്യത്തിന്റെ വികസനത്തിലും സൈന്യം സംഭാവന നല്‍കുന്നു. അതിര്‍ത്തി കാക്കുക മാത്രമല്ല, നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) പോലെ രാജ്യാന്തര തലത്തില്‍ നിക്ഷേപങ്ങള്‍ നടത്താന്‍ പറ്റിയ സ്ഥലമാണ് ഇന്ത്യയെന്ന കാഴ്ചപ്പാട് സൈന്യം നല്‍കുന്നതായും റാവത്ത് കൂട്ടിച്ചേര്‍ത്തു.