‘അദാനി കടം തിരിച്ചടയ്ക്കാതെ രക്ഷപ്പെട്ടു നടക്കുന്ന ട്രപ്പീസ് കളിക്കാരന്‍’

0
62

ന്യൂഡല്‍ഹി: ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങിനടക്കുന്നതില്‍ വിദഗ്ധനാണ് ഗൗതം അദാനിയെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. കടം തിരിച്ചടയ്ക്കാതെ രക്ഷപ്പെട്ടു നടക്കുന്ന ട്രപ്പീസ് കളിക്കാരനാണ് ഗൗതം അദാനിയെന്ന് സ്വാമി ട്വീറ്റ് ചെയ്തു. അദാനിയില്‍ നിന്ന് കിട്ടാനുള്ള കടത്തിന്റെ കണക്ക് പൊതുതാത്പര്യാര്‍ത്ഥം പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

കിട്ടാക്കടത്തിന്റെ പേരില്‍ ആരും അദാനിയെ ചോദ്യം ചെയ്യുന്നില്ല. കേന്ദ്രവുമായി അടുത്തയാളാണെന്ന പ്രതീതീ സൃഷ് ടിക്കുന്നതിലൂടെ സര്‍ക്കാരിനും അദാനി മാനക്കേടുണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ട്വിറ്ററിൽ സ്വാമി നടത്തിയ അഭിപ്രായപ്രകടനത്തിലൂടെ അദാനി ഗ്രൂപ്പിന്റെ കമ്പനികൾക്ക് ഓഹരിവിപണിയിൽ എട്ടു ശതമാനം ഇടിവു രേഖപ്പെടുത്തി. വിപണി മൂല്യം കണക്കിലെടുത്താൽ 9,000 കോടി രൂപയാണ് ഒരൊറ്റ ട്വീറ്റിലൂടെ അദാനി ഗ്രൂപ്പിന് നഷ്ടമായത്.

ബുധനാഴ്ച ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ അദാനി ട്രാൻസ്മിഷൻ 7.72% ഇടിഞ്ഞ് 179.85ലാണ് ക്ലോസ് ചെയ്തത്. അദാനി എന്റർപ്രൈസസ് 7.24% ഇടിഞ്ഞ് 172.40ൽ ക്ലോസ് ചെയ്തു. അദാനി പോർട്സ് ആൻഡ് എസ്ഇസെഡ് 6.53% ഇടിഞ്ഞ് 377.45ലും അദാനി പവർ 6.6% ഇടിഞ്ഞ് 27.60ലുമാണ് ക്ലോസ് ചെയ്തത്. ആകെ 9300 കോടി രൂപയുടെ നഷ്ടമാണ് അദാനി ഗ്രൂപ്പിന് ഉണ്ടായിരിക്കുന്നത്.