ആറായിരം പെണ്‍കുട്ടികളെ അണിനിരത്തിയുള്ള കരാട്ടെ പ്രദര്‍ശനം ഇന്ന്

0
113


തിരുവനന്തപുരം: ജില്ലാ പഞ്ചായത്തിന്റെ കരാട്ടെ പരിശീലന പദ്ധതിയായ ‘രക്ഷ’യില്‍ പരിശീലനം നേടിയ ആറായിരം പെണ്‍കുട്ടികളെ അണിനിരത്തിയുള്ള കരാട്ടെ പ്രദര്‍ശനം ഇന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കും. വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളെ സ്വയം പ്രതിരോധിക്കാനും ആത്മവിശ്വാസം വളര്‍ത്തുന്നതിനുമായിട്ടാണ് ‘രക്ഷ’ എന്ന പേരില്‍ സ്‌കൂളുകളില്‍ കരാട്ടെ പരിശീലനം ആരംഭിച്ചത്. ജില്ലാ പഞ്ചായത്തിന്റെ പരിധിയിലുള്ള സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ 2016-17 വര്‍ഷത്തിലാണ് പദ്ധതിക്ക് തുടക്കമിട്ടത്.

സ്പോര്‍ട്സ് കൗണ്‍സിലിന്റെ അംഗീകാരം നേടിയവരായിരുന്നു പരിശീലകര്‍. സ്‌കൂള്‍ പഠന സമയത്തിന് തടസം വരാതെയായിരുന്നു പരിശീലനം. 2017-18 വര്‍ഷത്തില്‍ ജില്ലയിലെ 130 സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലായി ഏഴായിരം പെണ്‍കുട്ടികള്‍ ‘രക്ഷ’യില്‍ പരിശീലനം നേടി. 30 ലക്ഷം രൂപ പരിശീലനത്തിനായി ചെലവിട്ടു. ക്ലസ്റ്റര്‍ ക്യാമ്പുകളിലുടെ പരിശീലന മികവ് കണ്ടെത്തിയ ആറായിരം പെണ്‍കുട്ടികളാണ് സമാന വേഷത്തില്‍ വനിതാ ദിനത്തില്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അണിനിരക്കുന്നത്.
ഗിന്നസ് റെക്കോഡില്‍ ഇടം നേടിയേക്കാവുന്ന ഇത്തരമൊരു പ്രദര്‍ശനം ഇതാദ്യമാണ് രാജ്യത്ത് നടക്കുന്നത്. ഗിന്നസ് ബുക്ക് അധികൃതര്‍ ബുധനാഴ്ച തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നു. പദ്ധതിയില്‍ പരിശീലനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ജീവിത പ്രതിസന്ധികള്‍ തരണം ചെയ്യാനും വലിയൊരളവുവരെ സാമൂഹിക പ്രശ്നങ്ങളിലിടപെട്ട് പ്രശ്ന പരിഹാരം നേടാനും കഴിയുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വികെ മധു പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ‘വിമുക്തി’യുടെ ഭാഗമായുള്ള ലഹരി വിരുദ്ധ പ്രതിജ്ഞയും കുട്ടികള്‍ ചൊല്ലും. മന്ത്രി കെ.കെ ശൈലജ കുട്ടികള്‍ക്ക് മൊമന്റോ നല്‍കും. മന്ത്രി സി. രവീന്ദ്രനാഥ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. മന്ത്രി കെ.ടി ജലീല്‍ പ്രശസ്തിപത്രം നല്‍കും. സംസ്ഥാന സര്‍ക്കാരിന്റെ വിമുക്തിയുടെ ഭാഗമായുള്ള ലഹരി വിരുദ്ധ പ്രതിജ്ഞ മന്ത്രി ടി.പി രാമകൃഷ്ണന്‍ കുട്ടികള്‍ക്ക് ചൊല്ലിക്കൊടുക്കും.