കര്‍ണാടകയുടെ പതാകയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം

0
58

ബെംഗളൂരു: കര്‍ണാടക സംസ്ഥാനത്തിന്റെ പതാകയ്ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. മഞ്ഞ, വെള്ള, ചുവപ്പ് എന്നിങ്ങനെ മൂന്നു നിറങ്ങളുള്ള ത്രിവര്‍ണ പതാകയ്ക്കാണ് അംഗീകാരം ലഭിച്ചത്. പതാകയുടെ ഏറ്റവും മുകളില്‍ മഞ്ഞ, നടുവില്‍ വെള്ള, ഏറ്റവും താഴെ ചുവപ്പ്. കര്‍ണാടകയുടെ സംസ്ഥാന ചിഹ്നവും പതാകയില്‍ ചേര്‍ത്തിട്ടുണ്ട്. പതാക അംഗീകാരത്തിനായി കേന്ദ്രത്തിന് അയക്കുമെന്നും ശേഷം സംസ്ഥാന പതാകയായി പ്രഖ്യാപിക്കുമെന്നും കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.

കന്നഡ ഡെവലപ്മെന്റ് അതോറിറ്റി ചെയര്‍മാന്‍ എസ്.ജി.സിദ്ദരാമയ്യ നേതൃത്വം നല്‍കിയ സമിതിയെയാണ് പതാകയുടെ മാതൃക തയ്യാറാക്കാന്‍ ഏല്‍പിച്ചിരുന്നത്. പതാകയുടെ പുതിയ മാതൃക ഇന്നു രാവിലെ മുഖ്യമന്ത്രി സിദ്ദരാമയ്യക്ക് കര്‍ണാടക നിയമസഭയില്‍ വച്ച് സമിതി കൈമാറി. പതാകയുടെ മാതൃക സിദ്ദരാമയ്യ അംഗീകരിക്കുകയും കേന്ദ്രത്തിന്റെ അംഗീകാരത്തിനായി അയക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.