കിം കി ഡുക്കിനെതിരെ ലൈംഗികാരോപണവുമായി നടിമാര്‍ രംഗത്ത്

0
49

പ്രമുഖ ദക്ഷിണ കൊറിയൻ സംവിധായകൻ കിം കി ഡുക്ക് ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി രണ്ടു നടിമാര്‍ രംഗത്ത്. ദക്ഷിണ കൊറിയന്‍ ടെലിവിഷന്‍ ചാനലിലെ അന്വേഷണാത്മക പരിപാടിയായ പിഡി നോട്ട്ബുക്കിലാണ് കിം കി ഡുക്കിനെതിരെ ആരോപണവുമായി നടിമാര്‍ രംഗത്തെത്തിയത്. ലൈംഗികമായി ഉപയോഗിക്കുക, ബലാത്സംഗം എന്നിവയാണ്​ കിം കി ഡുക്കിനെതിരെ നടിമാർ ആരോപിച്ചത്​.

2013ല്‍ മോബിയസ് എന്ന സിനിമയുടെ സെറ്റില്‍ വച്ച് കിം കി ഡുക്ക് തന്നെ നിരന്തരമായി പീഡിപ്പിച്ചുവെന്നും തന്റെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിനായി നിര്‍ബന്ധിച്ചുവെന്നും പേരുവെളിപ്പെടുത്താത്ത നടി ആരോപിച്ചു. ലൈംഗിക ബന്ധത്തിന് താല്‍പര്യമില്ല എന്ന് പറഞ്ഞപ്പോള്‍ എന്നെ വിശ്വാസത്തിലെടുക്കാത്ത ഒരു നടിയുടെ കൂടെ പ്രവര്‍ത്തിക്കാന്‍ എനിക്ക് കഴിയില്ല എന്നായിരുന്നു കിം കി ഡുക്കിന്റെ പ്രതികരണമെന്നും നടി വെളിപ്പെടുത്തി.

നടിയുടെ ആരോപണത്തെ തുടർന്ന്​ കിം കി ഡുക്ക്​ മുമ്പ്​ കോടതി കയറിയിരുന്നു. നടിക്ക്​ നഷ്​ടപരിഹാരമായി 5000 ഡോളർ നൽകാൻ കോടതി വിധിക്കുകയും പീഡിപ്പിച്ചതിന്​ തെളിവില്ലാത്തതിനാൽ കേസ്​ തള്ളിപ്പോവുകയുമാണുണ്ടായത്. സിനിമയിൽ നിന്നും നടിയെ ഒഴിവാക്കുകയും ചെയ്​തിരുന്നു.

സിനിമ ഇറങ്ങി നാലുവർഷം കഴിഞ്ഞാണ്​ പൊതുസമൂഹത്തിന്​ മുമ്പിൽ നടിയുടെ വെളിപ്പെടുത്തൽ. തനിക്കിപ്പോഴാണ്​ അവസരം ലഭിച്ചതെന്നും സത്യമറിഞ്ഞിട്ടും സംവിധായകന്‍റെ​​ സഹപ്രവർത്തകർ ആരും സഹായിച്ചില്ലെന്നും അവർ പറഞ്ഞു.