ടിഡിപി-ബിജെപി ബന്ധം ഉലയുന്നു: ആന്ധ്ര സര്‍ക്കാരില്‍ നിന്ന് ബിജെപി മന്ത്രിമാര്‍ രാജിവെച്ചു

0
48

അമരാവതി: എന്‍ഡിഎ മുന്നണിയില്‍ നിന്ന് ടിഡിപിയുടെ കേന്ദ്രമന്ത്രിമാര്‍ ഇന്ന് രാജിവെക്കാനിരിക്കെ അതിനു മുന്നോടിയായി ആന്ധ്ര സര്‍ക്കാരില്‍ നിന്നും ബിജെപി മന്ത്രിമാര്‍ രാജിവെച്ചു. നായിഡു മന്ത്രിസഭയില്‍ നിന്ന് കെ.ശ്രീനിവാസ റാവു, ടി.മാണിക്യാല റാവു എന്നിവരാണ് രാജിവെച്ചത്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം അനുസരിച്ച് രാജിവെക്കുന്നു എന്നാണ് ഇവര്‍ രാജിക്കത്തില്‍ വ്യക്തമാക്കിയിരുന്നത്.

കേന്ദ്ര ബജറ്റില്‍ ആന്ധ്രപ്രദേശിന് പ്രത്യേക പദവിയും പാക്കേജും എന്ന ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ടിഡിപിയുടെ രണ്ട് കേന്ദ്രമന്ത്രിമാര്‍ ഇന്ന് രാജിവെക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബുധനാഴ്ച ഹൈദരാബാദില്‍ ചേര്‍ന്ന നിയമസഭാ കക്ഷിയോഗത്തിലാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കേന്ദ്ര മന്ത്രിമാരായ അശോക് ഗജപതി രാജു, വൈ.എസ്.ചൗധരി എന്നിവരെ രാജിവെപ്പിക്കാനുള്ള പാര്‍ട്ടി നീക്കം അറിയിച്ചത്. ഈ നടപടിയില്‍ പ്രതിഷേധിച്ചാണ് ബിജെപി മന്ത്രിമാരുടെ രാജി.

ആന്ധ്രയുടെ പ്രത്യേക പദവി ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ബുധനാഴ്ച ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് മന്ത്രിമാരെ പിന്‍വലിക്കാന്‍ ചന്ദ്രബാബു നായിഡു തീരുമാനിച്ചത്.

ആന്ധ്രപ്രദേശ് വിഭജനസമയത്ത് അംഗീകരിച്ച നിര്‍ദേശങ്ങളനുസരിച്ച് ആന്ധ്രയ്ക്ക് പ്രത്യേക പദവിയും സാമ്പത്തിക പാക്കേജും വേണമെന്നാവശ്യപ്പെട്ട് ടി.ഡി.പി മന്ത്രിമാര്‍ സമരരംഗത്താണ്. പാര്‍ലമെന്റില്‍ മൂന്നുദിവസമായി പാര്‍ട്ടിയുടെ എം.പി.മാര്‍ നടപടികള്‍ തടസ്സപ്പെടുത്തി പ്രതിഷേധിക്കുകയാണ്. ലോക്സഭയില്‍ 16 എംപിമാരും രാജ്യസഭയില്‍ ആറ് എംപിമാരുമാണ് ടിഡിപിക്കുള്ളത്.