ടിഡിപി മന്ത്രിമാര്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്നും ഇന്ന് രാജിവെയ്ക്കും

0
40

ഹൈദരാബാദ്: ആന്ധ്രാപ്രദേശിനു ‘പ്രത്യേക പദവി’ നല്‍കാത്തതില്‍ പ്രതിഷേധിച്ച് ടിഡിപി മന്ത്രിമാര്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്നും ഇന്ന് രാജിവയ്ക്കും. ടിഡിപിയുടെ രണ്ടു കേന്ദ്രമന്ത്രിമാരെ പിന്‍വലിക്കാന്‍ തീരുമാനിച്ചെന്നും ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസിനെ അറിയിച്ചെന്നും ബുധനാഴ്ച രാത്രി വൈകി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വ്യക്തമാക്കി. ആന്ധ്രയ്ക്കു പ്രത്യേക പദവിയെന്ന വാഗ്ദാനം കേന്ദ്രം പാലിച്ചില്ലെന്നും നായിഡു കുറ്റപ്പെടുത്തി.

‘നാലു വര്‍ഷം ഞങ്ങള്‍ ക്ഷമയോടെ കാത്തിരുന്നു. കേന്ദ്രത്തെ എല്ലാ രീതിയിലും സമ്മതിപ്പിക്കാന്‍ ശ്രമിച്ചു. ബജറ്റ് ദിവസം മുതല്‍ വിഷയം ഉന്നയിക്കാന്‍ തുടങ്ങിയതാണ്. എന്നാല്‍ അവര്‍ പ്രതികരിച്ചില്ല. ഇതു ഞങ്ങളുടെ അവകാശമാണ്. കേന്ദ്രം നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കുന്നില്ല. കേന്ദ്രത്തോടു നന്ദിയുള്ളതിനാലും ഉത്തരവാദിത്തപ്പെട്ട മുതിര്‍ന്ന രാഷ്ട്രീയക്കാരനായതിനാലും ഞങ്ങളുടെ തീരുമാനം പ്രധാനമന്ത്രിയെ അറിയിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അദ്ദേഹത്തെ ലഭിച്ചില്ല. ജനതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് തീരുമാനം’ – നായിഡു കൂട്ടിച്ചേര്‍ത്തു.