ട്വന്റി-20; ബംഗ്ലദേശിനെ ആറ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ

0
69

കൊളംബോ: ത്രിരാഷ്ട്ര പരമ്പരയില്‍ ബംഗ്ലാദേശിനെതിരായ ട്വന്റി-20 മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. പരമ്പരയിലെ രണ്ടാം മല്‍സരത്തില്‍ ആറു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. 140 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ ശിഖര്‍ ധവാന്റെ ബാറ്റിംഗ് കരുത്തില്‍ എട്ടു പന്തും ആറു വിക്കറ്റും ബാക്കിനില്‍ക്കെ വിജയം സ്വന്തമാക്കുകയായിരുന്നു. പരമ്പരയിലെ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും അര്‍ധസെഞ്ചുറി നേടിയ ധവാനാണ് ഇന്ത്യന്‍ ഇന്നിങ്‌സിലെ താരം. 43 പന്തുകള്‍ നേരിട്ട ധവാന്‍ അഞ്ച് ബൗണ്ടറിയും രണ്ടു സിക്‌സും ഉള്‍പെടെ 55 റണ്‍സെടുത്തു.

28 റണ്‍സെടുത്ത റെയ്‌ന, 27 റണ്‍സുമായി പുറത്താകാതെ നിന്ന മനീഷ് പാണ്ഡെ എന്നിവരും ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തു. ആദ്യ മല്‍സരത്തില്‍ മികച്ച സ്‌കോര്‍ നേടിയിട്ടും അതു പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ട ഇന്ത്യ ആതിഥേയരായ ശ്രീലങ്കയോടു തോറ്റിരുന്നു.

ബംഗ്ലദേശ് ഉയര്‍ത്തിയ 140 റണ്‍സെന്ന താരത്യേന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയ്ക്ക് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശിഖര്‍ ധവാനും ചേര്‍ന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. കഴിഞ്ഞ മല്‍സരത്തില്‍ റണ്‍സൊന്നും നേടാനാകാതെ പോയതിന്റെ വിഷമം തീര്‍ക്കാനിറങ്ങിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇക്കുറിയും ആദ്യം പുറത്തായി. 13 പന്തില്‍ മൂന്നു ബൗണ്ടറികളോടെ 17 റണ്‍സെടുത്ത ശര്‍മയെ മുസ്താഫിസുര്‍ റഹ്മാനാണ് മടക്കിയത്. സ്ഥാനക്കയറ്റം കിട്ടിയെത്തിയ ഋഷഭ് പന്ത്‌ അവസരം മുതലാക്കാതെ പോയതോടെ ഇന്ത്യയ്ക്ക് രണ്ടാം വിക്കറ്റും നഷ്ടമായി. എട്ടു പന്തില്‍ ഒരു ബൗണ്ടറി ഉള്‍പ്പെടെ ഏഴു റണ്‍സെടുത്ത ഋഷഭ് പന്തിനെ ടസ്‌കിന്‍ അഹമ്മദ് ലിട്ടന്‍ ദാസിന്റെ കൈകളിലെത്തിക്കുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ സുരേഷ് റെയ്‌ന എത്തിയതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. 27 പന്തില്‍ ഒന്നുവീതം ബൗണ്ടറിയും സിക്‌സും കണ്ടെത്തിയ റെയ്‌നയെ സ്‌കോര്‍ 108ല്‍ റൂബല്‍ ഹുസൈന്‍ മടക്കിയെങ്കിലും തുടര്‍ന്നെത്തിയ മനീഷ് പാണ്ഡെ ധവാന് ഉറച്ച കൂട്ടാളിയായി. പാണ്ഡെയ്‌ക്കൊപ്പം 15 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ധവാന്‍ മടങ്ങിയെങ്കിലും ദിനേഷ് കാര്‍ത്തിക്കും പാണ്ഡെയും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു.