ഡിഎംആര്‍സി ഒഴിവായത് ലൈറ്റ് മെട്രോയുടെ കരാര്‍ കാലാവധി അവസാനിച്ചതിനാല്‍: മുഖ്യമന്ത്രി

0
46

തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതിയുടെ കരാര്‍ കലാവാധി അവസാനിച്ചതിനാലാണ് ഡി.എം.ആര്‍.സി പദ്ധതിയില്‍ നിന്നും പിന്‍മാറിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി മെട്രോ ഇപ്പോള്‍ തന്നെ നഷ്ടത്തിലാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക വശം കൂടി പരിശോധിച്ചായിരിക്കും ലൈറ്റ് മെട്രോ പദ്ധതിയുമായി മുന്നോട്ട് പോവുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭയില്‍ ഡി.എം.ആര്‍.സിയുടെ പിന്‍മാറലുമായി ബന്ധപ്പെട്ട് വി.എസ്.ശിവകുമാര്‍ എം.എല്‍.എയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകായിരുന്നു മുഖ്യമന്ത്രി. സര്‍ക്കാര്‍ ഡി.എം.ആര്‍.സി തയ്യാറാക്കിയ പദ്ധതി രേഖ അംഗീകരിക്കുകയും ഭരണാനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതിനായി കേന്ദ്ര സര്‍ക്കാരിന് വിശദമായ പദ്ധതി റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു.

തിരുവനന്തപുരത്ത് ലൈറ്റ് മെട്രോ പദ്ധതിയുടെ പ്രാരംഭ നടപടികളുടെ ഭാഗമായി ശ്രീകാര്യം, ഉള്ളൂര്‍, പട്ടം എന്നീ സ്ഥലങ്ങളില്‍ മേല്‍പ്പാലങ്ങളുടെ നിര്‍മാണത്തിനും അതിനാവശ്യമായ സ്ഥലമെടുപ്പിനും 272 കോടി രൂപയുടെ ഭരണാനുമതി നല്‍കി. കഴക്കൂട്ടം-കേശവദാസപുരം പാത വികസനത്തിനും സ്ഥലമെടുപ്പിനും സര്‍ക്കാര്‍ ഭരണാനുമതി നല്‍കി നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം, കരാര്‍ കാലാവധി കഴിഞ്ഞെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശരിയല്ലെന്ന് ഇ.ശ്രീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒരുക്കങ്ങള്‍ ഡിഎംആര്‍സിയെ ഏല്‍പിക്കുന്ന സര്‍ക്കാരിന്റെ ഉത്തരവ് മാത്രമാണുള്ളതെന്നും കൊച്ചി മെട്രോ നഷ്ടമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണെന്നും ഇ.ശ്രീധരന്‍ പറഞ്ഞു.