ഡെപ്യൂട്ടി കളക്ടര്‍ പദവിയിലേക്ക് ആദ്യമായി അംഗപരിമിതനെ നിയമിക്കാനൊരുങ്ങി സര്‍ക്കാര്‍

0
72

തിരുവനന്തപുരം: ഡെപ്യൂട്ടി കളക്ടര്‍ പദവിയിലേക്ക് ആദ്യമായി ഒരു അംഗപരിമിതനെ നിയമിക്കുന്നു. അജേഷ്. കെ ആണ് ആദ്യമായി ഡെപ്യൂട്ടി കളക്ടര്‍ സ്ഥാനത്തേക്ക് എത്തുന്നത്. എഴുത്ത് വാച്യ പരീക്ഷകളില്‍ ഉയര്‍ന്ന നേട്ടം കരസ്ഥമാക്കിയിട്ടും ശാരീരികക്ഷമതയില്ല എന്ന കാരണത്താല്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ അജേഷിനെ നേരത്തെ റാങ്ക് പട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നു.

മുഖ്യമന്ത്രിയുടെ പ്രത്യേക ഇടപെടലിലൂടെയും അംഗപരിമിതരുടെ നിയമനം ഉറപ്പാക്കിക്കൊണ്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിലൂടെയുമാണ് അജേഷിന് ഇപ്പോള്‍ നിയമനം ലഭിക്കുന്നത്. ഒരു കണ്ണിന് കാഴ്ചവൈകല്യമുള്ള ഉദ്യോഗാര്‍ത്ഥിക്ക് ഡെപ്യൂട്ടി കളക്ടര്‍ തസ്തിക നല്‍കാനാവില്ലെന്ന പബ്ലിക് സര്‍വീസ് കമ്മീഷന്റെ നിലപാടിനെതിരെയാണ് അജേഷ് ഈ വിജയം നേടിയിരിക്കുന്നത്. കണ്ണൂര്‍ പയ്യന്നൂര്‍ കോറോം പരന്തട്ടയില്‍ യശോദയുടെ മകനാണ് അജേഷ്. സെക്രട്ടറിയേറ്റിലെ പൊതുഭരണ വകുപ്പില്‍ ആറ് വര്‍ഷമായി അസിസ്റ്റന്റായി ജോലി ചെയ്തു വരികയാണ് അജേഷ്.