ദാവൂദ് ഇബ്രാഹിമിന്റെ പ്രധാന കൂട്ടാളി ഫറൂഖ് തക്ല പിടിയില്‍

0
51

മുംബൈ: അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ പ്രധാന കൂട്ടാളി ഫറൂഖ് തക്ല അറസ്റ്റില്‍. 1993-ലെ മുംബൈ സ്ഫോടന കേസിലെ പ്രതികളിലൊരാളാണ് ഫറൂഖ് തക്ല. ദുബായില്‍ നിന്ന് പിടികൂടിയ ഇയാളെ മുംബൈയിലെത്തിച്ച് തീവ്രവാദ വിരുദ്ധ കോടതിയില്‍ ഹാജരാക്കി.

മുംബൈ സ്ഫോടനത്തിനു ശേഷം ഇന്ത്യയില്‍ നിന്ന് രക്ഷപ്പെട്ട ഇയാള്‍ക്കെതിരെ 1995-ല്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഗൂഢാലോചന, കൊലപാതകം, വധശ്രമം തുടങ്ങിയവയടക്കം നിരവധി വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇയാളെ ഇപ്പോള്‍ സിബിഐ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയാണ്.

മുംബൈ സ്ഫോടന കേസിലെ പ്രതിയായ ഫറൂഖ് തക്ല ദുബായിലുണ്ടെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു. ദുബായിലും പാകിസ്ഥാനിലും ഒളിവില്‍ കഴിയുന്ന പ്രതികളെ വിട്ടുകിട്ടുന്നതിന് ഇന്ത്യ നടത്തിവരുന്ന നയതന്ത്ര നീക്കങ്ങളുടെ വിജയമാണ് ഫറൂഖ് തക്ലയുടെ അറസ്റ്റ്. ഇയാള്‍ പടിയിലായത് ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിന് വലിയ തിരിച്ചടിയാണെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നികം പറഞ്ഞു.

ദാവൂദ് ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ മുംബൈയില്‍ വിവിധയിടങ്ങളിലായി 12 ബോംബ് സ്ഫോടനങ്ങളാണ് നടത്തിയത്. സ്ഫോടനത്തില്‍ 257 പേര്‍ കൊല്ലപ്പെടുകയും 700-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ പാകിസ്ഥാനില്‍ ഒളിവില്‍ കഴിയുന്ന ദാവൂദിനെ ഇതുവരെയും പിടികൂടാന്‍ സാധിച്ചിട്ടില്ല.