പൊലീസ് സ്റ്റേഷനുള്ളില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എബിവിപി പ്രവര്‍ത്തകനെ ആക്രമിച്ചു

0
76

കൊല്ലം:  ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ സിഐ അടക്കം അമ്പതോളം പൊലീസുകാര്‍ നോക്കി നില്‍ക്കെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എബിവിപി പ്രവര്‍ത്തകന്റെ തല കല്ലു കൊണ്ട് ഇടിച്ചു പൊട്ടിച്ചു. പരുക്കേറ്റ എബിവിപി പ്രവര്‍ത്തകന്‍, കൊല്ലം എസ്എന്‍ ലോ കോളജ് വിദ്യാര്‍ഥി അജിത്തിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമം തടയാന്‍ പൊലീസ് ഇടപെട്ടിരുന്നില്ല. പരുക്കേറ്റ അജിത്തിനെ ആശുപത്രിയില്‍ എത്തിക്കാന്‍ പൊലീസ് വാഹനം വിട്ടു നല്‍കാത്തതിനാല്‍ എബിവിപി പ്രവര്‍ത്തകര്‍ ബൈക്കിലാണ് ആശുപത്രിയില്‍ എത്തിച്ചത്.

രാവിലെ മുതല്‍ എസ്എന്‍ ലോ കോളജില്‍ സംഘര്‍ഷം നിലനിന്നിരുന്നു. എബിവിപി യൂണിറ്റ് രൂപീകരിക്കാനുള്ള ശ്രമം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണു സംഘര്‍ഷങ്ങളുടെ തുടക്കം. ഇതു തടയാനെത്തിയ പൊലീസിനു നേരെയും എസ്എഫ്‌ഐ അക്രമം നടത്തി. ഈസ്റ്റ് എസ്‌ഐയുടെ കൈക്കു പരുക്കേറ്റു. തുടര്‍ന്ന് നാലു എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. ഇവരെ വിട്ടു കൊടുക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം എസ്എഫ്‌ഐക്കാര്‍ സ്റ്റേഷനു മുന്നില്‍ തടിച്ചു കൂടി.ഈ സമയത്താണു കോളജിലെ അക്രമത്തെക്കുറിച്ചു പരാതി നല്‍കാന്‍ അജിത്തും മറ്റൊരു എബിവിപി പ്രവര്‍ത്തകനും കൂടി ഈസ്റ്റ് സ്റ്റേഷനിലെത്തിയത്. ഇവരെത്തിയ ഉടന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.