വിദേശ രാജ്യങ്ങളിലെ ജയിലുകളില്‍ 7850 ഇന്ത്യക്കാര്‍ തടവിലാക്കപ്പെട്ടിട്ടുണ്ടെന്ന് കണക്ക്: വി.കെ സിങ്‌

0
62

ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളിലെ ജയിലുകളില്‍ 7850 ഇന്ത്യക്കാര്‍ തടവിലാക്കപ്പെട്ടിട്ടുണ്ടെന്നു വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് അറിയിച്ചു. സൗദി അറേബ്യയിലാണ് ഏറ്റവും അധികം ഇന്ത്യക്കാര്‍ തടവിലാക്കപ്പെട്ടിരിക്കുന്നത്. 2181 പേരാണ് സൗദിയില്‍ തടവിലുള്ളത്. ലോക്സഭയില്‍ എഴുതി നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ തടവുകാരുള്ള രണ്ടാമത്തെ രാജ്യം യു.എ.ഇയാണ്. 1628 പേരാണ് ഇവിടെ തടവില്‍ കഴിയുന്നതെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. തടവുകാരെ സ്വദേശത്തേക്കു മടക്കിക്കൊണ്ടുവരുന്ന നിയമം 2003ല്‍ പാസാക്കിയതിനുശേഷം 170 അപേക്ഷകളാണ് ലഭിച്ചത്. 63 ഇന്ത്യന്‍ തടവുകാരെ വിദേശരാജ്യങ്ങളില്‍നിന്ന് ഇങ്ങനെ ഇന്ത്യയിലെത്തിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

യു.എസ്, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങള്‍ തടവുകാരുടെ വിവരങ്ങള്‍ പുറത്ത് വിടാന്‍ തയ്യാറല്ല. മറ്റു പല രാജ്യങ്ങളും കടുത്ത സ്വകാര്യ നിയമങ്ങള്‍ പാലിക്കുന്നതിനാല്‍ തടവുകാര്‍ അനുവദിക്കാതെ അവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നില്ല. മന്ത്രാലയത്തിനു ലഭ്യമായ വിവരങ്ങള്‍ വച്ചുള്ള കണക്കാണ് ഇത്. ഈ വര്‍ഷം ഫെബ്രുവരി 28 വരെ 360 പേരുടെ തടവുകാലാവധി അവസാനിച്ചുവെന്നാണ് വിലയിരുത്തല്‍.

സൗദിയിലെ ജിസാന്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നത് 48 ഇന്ത്യക്കാരാണെന്നും അതില്‍ 32 പേരും മലയാളികളാണെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജിസാന്‍ സെന്‍ട്രല്‍ ജയിലിലും നാടുകടത്തല്‍ കേന്ദ്രങ്ങളിലും കഴിയുന്ന ഇന്ത്യക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാനെത്തിയ വൈസ് കോണ്‍സുലര്‍ ശിഹാബുദ്ദീന്‍ ഖാന്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ റിയാസ് ജീലാനി എന്നിവരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.