ഷുഹൈബ് വധം: അന്വേഷണം സിബിഐയിലേയ്ക്ക്‌ നീക്കാന്‍ ഗൂഢാലോചന നടന്നോ? പ്രതിസന്ധിയിലാവുക പി.ജയരാജന്‍ മാത്രം

0
606

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: ഷുഹൈബ് വധത്തില്‍ ഹൈക്കോടതി പ്രഖ്യാപിച്ച സിബിഐ അന്വേഷണത്തില്‍ യുഡിഎഫ് വൃത്തങ്ങള്‍ ആഹ്ളാദത്തിലായിരിക്കെ അന്വേഷണം പ്രതിസന്ധിയിലാക്കുന്നത് കണ്ണൂര്‍ സിപിഎം നേതൃത്വത്തെ മാത്രം. ഷുഹൈബ് കേസിലെ സിബിഐ അന്വേഷണം എന്ന വിധി ഒരേ സമയം മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ആശ്വാസവുമാകുന്നു.

അപ്പുറത്തും ഇപ്പുറത്തും മുള്ളുള്ള ഒരു കേസ് പിണറായി വിജയന്റെ പൊലീസ് അന്വേഷിച്ച് കുറ്റക്കാര്‍ ശിക്ഷിക്കപ്പെട്ടെങ്കില്‍ അത് മുഖ്യമന്ത്രിയ്ക്ക് പാര്‍ട്ടിയില്‍ ആഴത്തിലുള്ള പ്രതിസന്ധി സംജാതമാക്കുമായിരുന്നു. ഒരര്‍ത്ഥത്തില്‍ സംസ്ഥാന ഭരണ നേതൃത്വം തന്നെ അന്വേഷണം കുളമാക്കി സിബിഐയെ ഏല്‍പ്പിക്കുകയായിരുന്നോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

ജയരാജനെ പ്രതിസന്ധിയുടെ ആഴത്തിലേയ്ക്ക്‌ എടുത്തെറിയാന്‍ പാര്‍ട്ടിയില്‍ ഗൂഢാലോചന നടന്നോ എന്ന് ഇനി വ്യക്തമാകേണ്ട കാര്യമാണ്. കേരള പൊലീസ് തന്നെയാണ് അന്വേഷണം സിബിഐയിലേയ്ക്ക് നീങ്ങാന്‍
വഴിയൊരുക്കിയത്.

ഹൈക്കോടതിയുടെ ഒരൊറ്റ ചോദ്യത്തില്‍ ഈ കാര്യം ഒളിഞ്ഞിരിപ്പുണ്ട്. പ്രതികള്‍ കസ്റ്റഡിയിലായിട്ടും
ആയുധങ്ങള്‍ കണ്ടെടുക്കാന്‍ വൈകിയത് എന്തുകൊണ്ട്? ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം ഉണ്ടായപ്പോള്‍ മാത്രമാണ്‌ പൊലീസ് ഷുഹൈബിനെ വധിക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തത്. ഇനി കേരള പൊലീസ് അന്വേഷിക്കേണ്ട എന്നാണ് ഹൈക്കോടതി പറഞ്ഞത്.

മറ്റ് രാഷ്ട്രീയ കൊലപാതകങ്ങളില്‍ നിന്നും വിഭിന്നമായി ഷുഹൈബ് വധത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണ ലഭിക്കാത്തതാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ അകപ്പെട്ടിട്ടുള്ള പ്രതിസന്ധിയുടെ ആഴം വര്‍ദ്ധിപ്പിക്കുന്നത്. ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ്, തലശ്ശേരിയിലെ ഫസല്‍, തളിപ്പറമ്പിലെ അരിയില്‍ ഷുക്കൂര്‍ തുടങ്ങിയ കേസുകള്‍ സിബിഐ അന്വേഷിച്ചു വരികയാണ്. ഈ കേസുകളില്‍ അന്വേഷണം നീങ്ങുന്നത് കണ്ണൂര്‍ സിപിഎം നേതൃത്വത്തിനെതിരെയാണ്‌.

ഇതില്‍ത്തന്നെ കതിരൂര്‍ മനോജ്‌, അരിയില്‍ ഷുക്കൂര്‍ വധക്കേസുകളില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പി.ജയരാജനെതിരെയാണ് സിബിഐ അന്വേഷണം നീക്കുന്നത്. ഇത് കൂടാതെയാണ് ഇപ്പോള്‍ ഷുഹൈബ് വധക്കേസും ഹൈക്കോടതി സിബിഐയ്ക്ക് വിട്ടത്. പി.ജയരാജനുമായി അടുപ്പമുള്ള ആകാശ് തില്ലങ്കേരിയാണ് ഷുഹൈബ് വധക്കേസിലെ മുഖ്യപ്രതി. സ്വാഭാവികമായും ഈ അന്വേഷണവും ജയരാജനെതിരെ തിരിയാനാണ് സാധ്യത.

ജയരാജനെ കുഴക്കുന്ന പ്രശ്നം, ഷുഹൈബ്‌ വധക്കേസില്‍ അന്വേഷണം സിബിഐയ്ക്ക് വിടുന്ന രീതിയിലാണ് ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം മുതല്‍ നീങ്ങിയത് എന്നതാണ്. കാരണം സമാധാന കമ്മറ്റിയോഗം വിളിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക് പകരം മന്ത്രി എ.കെ.ബാലനാണ് സംബന്ധിച്ചത്. മുഖ്യമന്ത്രി നിര്‍ദ്ദേശിച്ച പ്രകാരമാണ് താന്‍ എത്തുന്നത് എന്ന് എ.കെ.ബാലന്‍ തന്നെയാണ് സമാധാന കമ്മറ്റി യോഗത്തില്‍ പറഞ്ഞത്.

ഇതേ ബാലന്‍ തന്നെയാണ് ആരും ആവശ്യപ്പെടാതെ തന്നെ സിബിഐ അന്വേഷണത്തിനു സര്‍ക്കാര്‍ സന്നദ്ധമാണെന്ന് ആദ്യം പറഞ്ഞത്. സംസ്ഥാന ഭരണകൂടത്തിന്റെ ഈ കള്ളക്കളി ആദ്യം തിരിച്ചറിഞ്ഞത് പി.ജയരാജനായിരുന്നു. ജയരാജന്‍ കണ്ണുരുട്ടുകയും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തപ്പോള്‍ മുഖ്യമന്ത്രി തന്നെ സിബിഐ അന്വേഷണ സന്നദ്ധതയില്‍ നിന്നും പിന്തിരിയുകയായിരുന്നു.

മുഖ്യമന്ത്രി കരുനീക്കിയത് ശ്രദ്ധിച്ച് തന്നെയായിരുന്നു. ഈ കരുനീക്കങ്ങള്‍ തന്നെയാണ് ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം എന്ന പിണറായി വിജയന്‍റെ ലക്ഷ്യത്തിലേയ്ക്ക്‌ എത്തിച്ചതും. പിണറായി വിജയന്‍ മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പ് മന്ത്രിയും ആയിരിക്കെ എല്ലാ പ്രതികളെയും കേരള പൊലീസ് പിടികൂടിയാല്‍ അത് അദ്ദേഹത്തിന് പാര്‍ട്ടിയ്ക്കുള്ളില്‍ പ്രതിസന്ധി സൃഷ്ടിക്കുമായിരുന്നു.

ഇനി അഥവാ പ്രതികളെ പിടികൂടിയില്ലെന്ന് വെയ്ക്കുക. അപ്പോള്‍ പൊതുദൃഷ്ടിയില്‍ മുഖ്യമന്ത്രി കുറ്റക്കാരനായി
മാറും. ഷുഹൈബ് വധത്തില്‍ ആകാശ് തില്ലങ്കേരിയും മറ്റ് സിപിഎം പ്രവര്‍ത്തകരും ശിക്ഷിക്കപ്പെട്ടാല്‍ പാര്‍ട്ടിയില്‍ മുഖ്യമന്ത്രി കുറ്റക്കാരനാകും. കാരണം പിടികൂടപ്പെട്ട പ്രതികള്‍ പി.ജയരാജന്റെ ആളുകളാണ്. ഇവര്‍ ശിക്ഷിക്കപ്പെട്ടാല്‍ പാര്‍ട്ടി പ്രവര്‍ത്തകരെ കേസില്‍ കുടുക്കി എന്ന ആരോപണം വരും.

മുഖ്യമന്ത്രി പറയുന്നത് പിടികൂടപ്പെട്ടത് യഥാര്‍ത്ഥ പ്രതികള്‍ ആണെന്നാണ്‌. എന്നാല്‍ ആകാശ് തില്ലങ്കേരിയുടെ അച്ഛനും പി.ജയരാജനും പറയുന്നത് അവര്‍ യഥാര്‍ത്ഥ പ്രതികള്‍ അല്ലെന്നാണ്. പ്രതികളുടെ കാര്യത്തില്‍ പാര്‍ട്ടിക്കുള്ളിലും പുറത്തും തര്‍ക്കം നിലനില്‍ക്കുമ്പോള്‍ കേസുമായി മുന്നോട്ട് പോവുക മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന് അതീവ ദുഷ്ക്കരമാണ്.

അതുകൊണ്ടാണ്‌ എ.കെ.ബാലന്‍ കണ്ണൂരിലെ സമാധാന കമ്മറ്റി യോഗത്തില്‍ മുഖ്യമന്ത്രിയുടെ നാവായി പ്രവര്‍ത്തിച്ചത്. കേസില്‍ സിബിഐ അന്വേഷണം. അതുവഴി കേസ് മുഖ്യമന്ത്രിയുടെ തലയില്‍ നിന്നും ഒഴിയും.

ഫെബ്രുവരി 12 നു ഷുഹൈബ് കൊല്ലപ്പെടുന്നു. ഫെബ്രുവരി 22 നു സമാധാന കമ്മറ്റി യോഗത്തില്‍ ഏത് അന്വേഷണത്തിനും തയ്യാറെന്ന് മന്ത്രി ബാലന്‍ പ്രഖ്യാപിക്കുന്നു. ഫെബ്രുവരി 26 നു മുഖ്യമന്ത്രി നിയമസഭയില്‍ പറയുന്നു – പൊലീസ് അന്വേഷണം ശരിയായ ദിശയില്‍. സിബിഐ അന്വേഷണം ആവശ്യമില്ല. പാര്‍ട്ടിക്കുള്ളില്‍ തന്നെ ഭിന്നാഭിപ്രായമായി.

മന്ത്രി പറഞ്ഞത് മുഖ്യമന്ത്രി തിരുത്തി പറയുകയാണ്. യഥാര്‍ത്ഥ പ്രതിയല്ല പിടിക്കപ്പെട്ടത് എന്ന് പി.ജയരാജന്‍ പറയുന്നു. പ്രതി ആകാശിന്റെ അച്ഛന്‍ പറയുന്നു, ആകാശ് ആ സമയത്ത് അമ്പലത്തിലായിരുന്നു എന്ന്. അപ്പോള്‍ അന്വേഷണം എങ്ങിനെ മുന്നോട്ട് പോയാലും സിപിഎമ്മും മുഖ്യമന്ത്രിയും പ്രതിസന്ധിയില്‍ ആകുമായിരുന്നു. അതുകൊണ്ടാണ് ഷുഹൈബ് വധം തലയില്‍ നിന്നും ഒഴിവാക്കാന്‍ മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിച്ചത്.

ഇപ്പോള്‍ കേസ് സിബിഐയ്ക്ക് വിട്ടപ്പോള്‍ അത് പി.ജയരാജനുള്ള സിപിഎം-സര്‍ക്കാര്‍ മറുപടി കൂടിയായി. കാരണം കോടിയേരി ബാലകൃഷ്ണനും പറഞ്ഞിട്ടുണ്ട്. ഷുഹൈബ് വധം ഏത് ഏജന്‍സി അന്വേഷിച്ചാലും സിപിഎമ്മിന് പ്രശ്നമല്ലെന്ന്. ഇത് ജയരാജനുള്ള പാര്‍ട്ടിയുടെ മറുപടി കൂടിയാണ്.

പി.ജയരാജനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന പോരില്‍ ഒരു പ്രത്യേക ഘട്ടത്തില്‍ സിബിഐ അന്വേഷണം വഴി മുഖ്യമന്ത്രി രക്ഷപ്പെട്ടിരിക്കുകയാണ്. അല്ലെങ്കില്‍ കണ്ണൂര്‍ സിപിഎം മുഖ്യമന്ത്രിയ്ക്ക് എതിരെ തിരിയുമായിരുന്നു. ഹൈക്കോടതി ഇടപെടല്‍ മുഖ്യമന്ത്രിയ്ക്ക് തുണയായി. ഇനി കുറ്റം കേന്ദ്രസര്‍ക്കാരിന് മേല്‍ ചുമത്താം.

കേന്ദ്രത്തില്‍ ബിജെപി ഭരണമാണ്. അന്വേഷിക്കുന്നത് സിബിഐയാണ്. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും കേസില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ള പി.ജയരാജന് വരെ ഇനി ബിജെപിയെയും സിബിഐയെയും കുറ്റം പറയാം. പക്ഷെ പ്രതിസന്ധിയില്‍ കുരുങ്ങുന്നത് ജയരാജന്‍ മാത്രമാണ്.