സംഘര്‍ഷമല്ല, യോജിച്ചുള്ള മുന്നേറ്റമാണ് വേണ്ടത്; ചൈനീസ് വിദേശകാര്യ മന്ത്രി

0
67


ബീജിങ്: ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷമല്ല, യോജിച്ചുള്ള മുന്നേറ്റമാണ് വേണ്ടതെന്ന് സൂചിപ്പിച്ച് ചൈന. ഇന്ത്യന്‍ ആനയും ചൈനീസ് വ്യാളിയും യുദ്ധം ചെയ്യുകയല്ല പകരം ഒരുമിച്ച് നൃത്തം ചെയ്യുകയാണ് വേണ്ടതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള മാനസിക അകല്‍ച്ച ഒഴിവാക്കണമെന്നും അഭിപ്രായ വ്യത്യാസങ്ങള്‍
പരിഹരിക്കണമെന്നും നയതന്ത്ര ബന്ധം മെച്ചപ്പെടുത്താന്‍ പരസ്പരം മുന്‍കൈയെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചൈനീസ് പാര്‍ലമെന്റ് സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. പ്രതിസന്ധികളെയും പരീക്ഷണങ്ങളെയും അതിജീവിച്ച് ഇന്ത്യാ- ചൈനാ ബന്ധം മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോക്‌ലാം ഉള്‍പെടെയുള്ള വിഷയത്തെ തുടര്‍ന്ന് ഇന്ത്യയുമായുള്ള ബന്ധത്തെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ചൈനാ- പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി, ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനം, പാക് ഭീകരന്‍ മസൂദ് അസര്‍ തുടങ്ങി ഇന്ത്യാ- ചൈനാ ബന്ധത്തെ ബാധിച്ച നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്വന്തം താല്‍പര്യങ്ങളെ മുറുകെ പിടിക്കുന്നതിനൊപ്പം ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും ചൈനയും തമ്മില്‍ ഒന്നിക്കുകയാണെങ്കില്‍ ഒന്നും ഒന്നും രണ്ടെന്നതിന് പകരം പതിനൊന്നായി മാറുമെന്ന് അദ്ദേഹം വിശദീകരിച്ചു.