സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫിസ് ആക്രമണം; അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

0
90

വടക്കഞ്ചേരി: വണ്ടാഴിയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ ആക്രമണം നടത്തിയ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സിപിഎം വണ്ടാഴി ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ പട്ടാപകല്‍ അതിക്രമിച്ച് കയറി നാല് പേരെ വെട്ടി പരിക്കേല്‍പിച്ചതുമായി ബന്ധപ്പെട്ട് വണ്ടാഴി കമ്മാന്തറ ശാന്താ നിവാസില്‍ രതീഷ് (36), മാപ്പിളപ്പൊറ്റ മഹേഷ് (22), മുടപ്പല്ലൂര്‍ മാത്തൂര്‍ മൊക്കില്‍ വീട്ടില്‍ റിതിന്‍ (24), മാത്തൂര്‍ ചേരാങ്കലം വീട്ടില്‍ സുജിന്‍ (22), വണ്ടാഴി പുല്ലമ്പാടം രജീഷ് (മണിക്കുട്ടന്‍ – 22 ) എന്നിവരെയാണ് ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് കൃത്യത്തിനുപയോഗിച്ച ഒരു വാള്‍, കമ്പിവടി, ഇരുമ്പ് പൈപ്പ് എന്നിവയും മൂന്ന് ബൈക്കുകളും കണ്ടെടുത്തു. പകല്‍ ഒരു മണിയോടെയാണ് ബൈക്കുകളിലെത്തിയ സംഘം മാരകായുധങ്ങളുമായി മുഖംമൂടി ധരിച്ച് ആക്രമണം അഴിച്ചുവിട്ടത്. അക്രമത്തില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ഷക്കീര്‍ (32), രാജേഷ് (32), ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റ് സുബിന്‍ (31), വണ്ടാഴി യൂണിറ്റ് സെക്രട്ടറി ഉബൈസ് (27) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഷക്കീറിന്റെയും രാജേഷിന്റെയും പരിക്ക് ഗുരുതരമുള്ളതാണ്.

പാര്‍ട്ടി ഓഫിസിനുള്ളില്‍ ഇരച്ച് കയറിയ സംഘം ഇരുപത് മിനിറ്റോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പ്രവര്‍ത്തകരെ വെട്ടി കൊലപ്പെടുത്താനാണ് ശ്രമിച്ചത്. കസേരയും മറ്റും കൊണ്ട് പ്രതിരോധിച്ചതിനാല്‍ ആളപായമുണ്ടായില്ല. ആക്രമണത്തില്‍ പാര്‍ട്ടി ഓഫീസിലെ കസേര, അലമാര, മേശ ഉള്‍പെടെയുള്ള ഫര്‍ണിച്ചറുകളും നശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സംഭവം നടന്ന ഉടന്‍ തന്നെ പൊലീസ് പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. ഇപ്പോള്‍ അറസ്റ്റിലായ അഞ്ച് പേരെ കൂടാതെ ഇനിയും പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ട്. സംഭവത്തില്‍ ഗൂഡാലോചന നടത്തിയവരെയും, ഇവര്‍ സഞ്ചരിച്ച ബൈക്കുകളുടെ ഉടമകളെയും, പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സംരക്ഷണമൊരുക്കിയവരെയും അന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്യും. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. ആലത്തൂര്‍ ഡിവൈഎസ്പി ഷംസുദ്ദീന്‍, മംഗലംഡാം എസ്‌ഐ എം. ശിവദാസന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്കുന്നത്.