ഹാദിയ-ഷെഹിന്‍ വിവാഹം നിയമപരം; ഹൈക്കോടതി തീരുമാനം റദ്ദാക്കി സുപ്രീം കോടതി

0
65


ന്യൂഡല്‍ഹി: ഹാദിയാ കേസില്‍ സുപ്രീം കോടതിയുടെ നിര്‍ണായക വിധി. ഷെഫിന്‍ ജഹാനുമായുള്ള ഹാദിയയുടെ വിവാദം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ചാണ് ഹാദിയയുടെ വിവാഹം റദ്ദാക്കിയത് അംഗീകരിക്കാനാവില്ലെന്നും നിയമപരമായ വിവാഹം തടയാനാകില്ലെന്നും വ്യക്തമാക്കിയത്. ഷെഫിന്‍ ജഹാന്റെ ഹര്‍ജിയിലാണ് കോടതി വിധി പറഞ്ഞത്.

ഹാദിയയുടെ വിവാഹം ഒഴിച്ച് ഭര്‍ത്താവ് ഷെഫിന്‍ ജഹാനെതിരായ കേസുകളില്‍ അന്വേഷണം നടത്താമെന്ന് സുപ്രീംകോടതി. വിവാഹം ഇന്ത്യയുടെ ബഹുസ്വരതയുടെ ഭാഗമാണ്. അത് തീര്‍ച്ചയായും സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

വിവാഹം ഒഴികെയുള്ള വിഷയങ്ങളില്‍ എന്‍.ഐ.എയ്ക്ക് അന്വേഷണം തുടരാം. കുറ്റക്കാരെങ്കില്‍ ഷെഫിന്‍ ജഹാന്‍ അടക്കമുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. 2017 മേയ് 24നാണ് ഹൈക്കോടതി ഇവരുടെ വിവാഹം റദ്ദാക്കിയത്. കേസിലെ അന്തിമ വാദം ഉച്ചയ്ക്കു മുന്‍പ് പൂര്‍ത്തിയായി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

നിര്‍ണായക വിധിയോടെ ഹാദിയയ്ക്ക് ഇനി ഷെഫിന്‍ ജഹാനോടൊപ്പം താമസിക്കുന്നതിനും അനുമതി ലഭിക്കും. അതേസമയം, നിയമ പോരാട്ടം തുടരുമെന്ന് ഹാദിയയുടെ അച്ഛന്‍ അശോകന്‍ മാധ്യമങ്ങളോട് പറഞ്ഞു. വിവാഹം അംഗീകരിച്ചു എങ്കിലും ഷെഫിന്‍ ജഹാനെതിരെയുള്ള അന്വേഷണം അവസാനിപ്പിക്കാത്തതില്‍ പ്രതീക്ഷ ഉണ്ടെന്നും അശോകന്‍ പറഞ്ഞു. ഹാദിയയുടെയും ഷെഫിന്‍ ജഹാന്റെയും തട്ടിക്കൂട്ട് കല്യാണം ആയിരുന്നുവെന്നും അശോകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.