കണ്ടു, നിക്ക് ഉട്ട് എന്ന ഹീറോയെ, മനുഷ്യനെ…

0
335

കെ.ശ്രീജിത്ത്

I looked through the black smoke and I saw a girl, naked … running.

– Nick Ut

ടാഗോര്‍ തീയേറ്ററിന്റെ വളപ്പില്‍ കടക്കുമ്പോള്‍ത്തന്നെ യുദ്ധ ഭീകരതയുടെ ചിത്രങ്ങളാണ് വരവേറ്റത്. യുദ്ധം എത്ര ഭയാനകമാണെന്ന് ഓരോ ചിത്രവും പറഞ്ഞുതരുന്നു. കുറച്ചുകൂടി മുന്നോട്ടുനീങ്ങിയപ്പോള്‍ വലിയൊരു മോണിറ്ററില്‍ വോയ്‌സ് ഓവറിന്റെ അകമ്പടിയോടെ ചലിക്കുന്ന ദൃശ്യങ്ങള്‍ കണ്ടു. അതും യുദ്ധത്തിന്റെ ഭയാനകത വെളിപ്പെടുത്തുന്ന ദൃശ്യങ്ങള്‍.

നിക്ക് ഉട്ട് എന്ന ലോകപ്രശസ്തനായ ഫോട്ടോഗ്രാഫറെ കാണാനാണ് ഇന്നലെ ടാഗോര്‍ തിയേറ്ററിലെത്തിയത്. ജേര്‍ണലിസം പഠിക്കുന്ന കാലം തൊട്ട് വായനയിലൂടെ, ചിത്രങ്ങളിലൂടെ അറിയാം നിക്ക് ഉട്ട് എന്ന ഫോട്ടോഗ്രാഫറെ. അദ്ദേഹം ഫ്രെയിമില്‍ പകര്‍ത്തിയത് ഹൃദയത്തില്‍ മുറിപ്പാടുകളുണ്ടാക്കുന്ന ജീവിതമായിരുന്നു. ആ കാലം മുതല്‍ ഉള്ളില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു ഒമ്പത് വയസുകാരി പെണ്‍കുട്ടിയുമുണ്ട്. കിം ഫുക്ക് എന്ന വിയറ്റ്‌നാംകാരി. 1972ലെ വിയറ്റ്‌നാം യുദ്ധത്തില്‍ അമേരിക്ക വര്‍ഷിച്ച ബോംബുകളില്‍ ദേഹം മുഴുവന്‍ പൊളളി ജീവനും കൊണ്ട് ഓടുന്ന പെണ്‍കുട്ടി. ആ പെണ്‍കുട്ടിയുടെ ചിത്രമാണ് പിന്നീട് നിക്ക് ഉട്ട് എന്ന ഇരുപത്തിയൊന്നുകാരനായ ഫോട്ടോഗ്രാഫറെ ലോകപ്രശസ്തനാക്കിയത്. ആ ചിത്രത്തിനാണ് പുലിറ്റ്‌സര്‍ പുരസ്‌കാരം ലഭിച്ചത്. അന്ന് ചിത്രമെടുത്ത നിക്ക് ഉട്ട് തന്നെയാണ് ആ പെണ്‍കുട്ടിയെ സ്വന്തം കമ്പനി വണ്ടിയില്‍ ആശുപത്രിയിലെത്തിച്ച് ചികിത്സിച്ചത്. ഇന്ന് രണ്ട് മുതിര്‍ന്ന മക്കളുടെ അമ്മയായ, ഒരു പേരക്കുട്ടിയുടെ മുത്തശ്ശിയായ കിം ഫുക്കിനെ ആഴ്ചയിലൊരു വട്ടമെങ്കിലും ഫോണില്‍ വിളിക്കാറുണ്ട് നിക്ക് ഉട്ട്. നീണ്ട 46 വര്‍ഷത്തെ ആ ബന്ധം ഇപ്പോഴും തുടരുന്നു.

ടാഗോര്‍ തിയേറ്ററിനകത്ത് കടന്നതും കണ്ടു, ആ മനുഷ്യനെ. ഏറ്റവും മുന്‍നിരയില്‍ ആരോ കഴുത്തിലിട്ടുകൊടുത്ത മുല്ലപ്പൂമാലയും അണിഞ്ഞ്, തനിക്കൊപ്പം ഫോട്ടോയെടുക്കാനെത്തുന്ന എല്ലാവരോടും ചിരിച്ച് പോസ് ചെയ്യുന്ന സാധാരണ മനുഷ്യനെ. സെല്‍ഫിയെടുക്കാന്‍ ബഹളമായിരുന്നു. മലയാളികളുടെ ‘സെല്‍ഫി ഭ്രാന്തി’ന് ചിരിച്ചുകൊണ്ട്, യാതൊരു പരിഭവവും കാണിക്കാതെ നിന്നുകൊടുത്തു ആ മനുഷ്യന്‍. എപ്പോഴും നിഷ്‌കളങ്കനായ ഒരു കുട്ടിയെപ്പോലെയാണ് അയാള്‍ ചിരിച്ചത്. വല്ലാത്തൊരു ഹൃദയനൈര്‍മല്യം ആ പെരുമാറ്റത്തിലുണ്ടായിരുന്നു. ഇത്രയും പ്രശസ്തനായ ഒരാള്‍ക്ക് ഇത്രത്തോളം ഊഷ്മളതയോടെ പെരുമാറാനാകുമോ? ഇതിലും എത്രയോ ‘ചെറിയ’ മനുഷ്യരുടെ, സെലിബ്രിറ്റികളുടെ താരജാഡകള്‍ കണ്ട് വെറുത്ത ഒരു ശരാശരി മലയാളിയുടെ മനോഗതം മാത്രമായിരുന്നു അത്.

പിന്നീട്, പറഞ്ഞതിലും ഏറെ വൈകി മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങിനെത്തി സൗഹൃദം കാണിക്കുമ്പോഴും കാണാമായിരുന്നു ആ മനുഷ്യന്റെ ലാളിത്യം. ‘നിറം കുടം തുളുമ്പില്ല’ എന്ന വാചകത്തെ അന്വര്‍ത്ഥമാക്കുന്ന പെരുമാറ്റം. അപ്പോഴും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ സ്‌റ്റേജിലെ ബിഗ് സ്‌ക്രീനില്‍ കാണിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. കിം ഫുക്ക് ഓടിവരുന്ന ആ ചിത്രം മുതല്‍ കാറിലിരുന്ന് കരയുന്ന പ്രശസ്ത മോഡല്‍ പാരിസ് ഹില്‍ട്ടന്റെ വരെയുള്ള ചിത്രങ്ങള്‍. എല്ലാത്തിലും വല്ലാത്തൊരു ‘ലൈഫ് ‘ ഉണ്ടായിരുന്നു. നിക്ക് ഉട്ട് എന്ന മനുഷ്യന്‍ ഹൃദയത്തില്‍ നിന്ന് നേരിട്ട് പകര്‍ത്തിയ ചിത്രങ്ങളായിരുന്നു അതെല്ലാം. അതുകൊണ്ടാണ് അതിലെല്ലാം വല്ലാതെ ജീവിതം തുടിച്ചുനിന്നത്. സാമ്രാജ്യത്വത്തെയും അതിന്റെ യുദ്ധവെറികളെയും ഇത്രമാത്രം ലോകത്തിന് മുന്നില്‍ തുറന്നുകാണിച്ച മറ്റൊരു ഫോട്ടോഗ്രാഫറുണ്ടോ? ചിത്രങ്ങളുണ്ടോ?

അവതാരിക വിശിഷ്ടാതിഥികളെ ഓരോരുത്തരെയായി സ്‌റ്റേജിലേയ്ക്ക് ക്ഷണിച്ചു. ഓരോരുത്തരും അവരവരുടെ കസേരകളില്‍ അമര്‍ന്നിരുന്നപ്പോഴും മുഖ്യമന്ത്രിയ്ക്ക് തൊട്ടടുത്ത്, ജാള്യതയോടെ, കസേരയില്‍ പകുതി മാത്രമായി ‘വല്ലാതെ ഒതുങ്ങി’ ഇരുന്നു ആ മനുഷ്യന്‍. ഞാന്‍ ഇതിനൊന്നും ചേരാത്ത ആളാണെന്ന് കാണികള്‍ക്ക് തോന്നിപ്പിക്കുംവിധം വിനീതനായിരുന്നു അയാള്‍. കേരള മീഡിയ അക്കാദമിയുടെ ഒന്നാമത് ഇന്റര്‍നാഷണല്‍ പ്രസ് ഫോട്ടോഗ്രാഫി പുരസ്‌കാരം മുഖ്യമന്ത്രി അദ്ദേഹത്തിന് സമ്മാനിച്ചു. ഒപ്പം ഫലകം. പിന്നെ പൊന്നാട. എല്ലാം സ്ഥിരം കാഴ്ചകള്‍. പക്ഷെ സ്ഥിരമല്ലാത്ത ഒരു കാഴ്ച പിന്നീടാണ് ഉണ്ടായത്. തനിക്ക് പുരസ്‌കാരം സമ്മാനിച്ച മുഖ്യമന്ത്രിയ്ക്ക് നിക്ക് ഉട്ട് പകരം ഒരു സമ്മാനം നല്‍കി. ഒരുപക്ഷെ പിണറായി വിജയന് ജീവിതത്തില്‍ ഇന്നേവരെ ലഭിച്ചതില്‍ ഏറ്റവും മനോഹരമായ, മറക്കാനാകാത്ത സമ്മാനം. തന്നെ ലോകമറിഞ്ഞ ആ പ്രസിദ്ധമായ ‘കിംഫുക്ക്’ ചിത്രം ഫ്രെയിം ചെയ്തതായിരുന്നു അത്. മാത്രമല്ല അതില്‍ ആ ചിത്രത്തിന്റെ സ്രഷ്ടാവായ നിക്ക് ഉട്ട് സ്വയവും സാമ്രാജ്യത്വത്തിന്റെ യുദ്ധവെറികളുടെ എക്കാലത്തെയും വലിയ ഇരകളിലൊരാളായ കിംഫുക്കും തങ്ങളുടെ കൈയ്യൊപ്പ് ചാര്‍ത്തിയിരുന്നു! യഥാര്‍ത്ഥത്തില്‍ പിണറായി നിക്ക് ഉട്ടിന് പുരസ്‌കാരം നല്‍കുന്നതിനേക്കാള്‍ മനോഹരമായ ഒരു കാഴ്ചയായിരുന്നു നിക്ക് ഉട്ട് മുഖ്യമന്ത്രിയ്ക്ക് ‘വിശിഷ്ടമായ’ ആ സമ്മാനം നല്‍കുന്നത്. പിന്നീട് നടത്തിയ പ്രസംഗത്തില്‍ ‘നിക്ക് ഉട്ടിന് പുരസ്‌കാരം സമ്മാനിച്ചതിലൂടെ മീഡിയ അക്കാദമിയാണ് ആദരിക്കപ്പെടുന്നത്’ എന്ന് പിണറായി പറഞ്ഞതുപോലെ പിണറായി പുരസ്‌കാരം നല്‍കിയതിലൂടെ നിക്ക് ഉട്ടല്ല, മറിച്ച് നിക്ക് ഉട്ടില്‍ നിന്ന് സമ്മാനം ലഭിച്ച പിണറായിയാണ് സത്യത്തില്‍ ഇന്നലെ ആദരിക്കപ്പെട്ടത്, അവിസ്മരണീയമായ ഓര്‍മകളുമായി തിരിച്ചുപോയത്.

പിന്നീട് നിക്ക് ഉട്ട് നടത്തിയ മറുപടി പ്രസംഗം ഹൃദയഹാരിയായിരുന്നു. കിം ഫുക്കിനെ കണ്ട ആ ദിവസത്തെക്കുറിച്ചും ആ ചിത്രത്തെക്കുറിച്ചും അദ്ദേഹം വിവരിച്ചു. ‘ ആ ദിവസം ഞാന്‍ അവിടെ എത്തിയപ്പോള്‍ ബോംബ് വര്‍ഷം തുടരുകയാണ്. എവിടെയും പുകയും പൊട്ടിത്തെറികളുമായിരുന്നു. സൗത്ത് വിയറ്റ്‌നാമീസ് സൈനികരോടൊപ്പം നടന്ന് കുറേ ചിത്രങ്ങളെടുത്തു. അതുകഴിഞ്ഞ് നടന്നുവരുമ്പോള്‍ ആ സൈനികരിലൊരാള്‍ ഒരു ബോംബെറിഞ്ഞു. ആ ബോംബ് പൊട്ടിയപ്പോഴുണ്ടായ പുകയുടെ മറവില്‍ ആകാശത്ത് കറങ്ങുകയായിരുന്ന വിമാനത്തില്‍ നിന്ന് രണ്ട് ബോംബുകള്‍ പതിച്ചു. ആദ്യം കണ്ടത് മരിച്ച ഒരു വയസുകാരനെയും കൈയ്യിലേന്തിവരുന്ന കിമ്മിന്റെ വല്യമ്മയെയായിരുന്നു. എല്ലാവരും ആ ചിത്രമെടുക്കുന്നതില്‍ ശ്രദ്ധിച്ചപ്പോള്‍, ഞാന്‍ കണ്ടത് മറുവശത്ത് ഒരു പെണ്‍കുട്ടി ഓടിവരുന്നതായിരുന്നു. കിം ആയിരുന്നു അത്. ആ ചിത്രമെടുത്ത ശേഷം ഞാന്‍ എന്റെ കമ്പനി വണ്ടിയില്‍ അവളെയുമായി ആശുപത്രിയിലേയ്ക്ക് പാഞ്ഞു. ഞാന്‍ മരിക്കാന്‍ പോവുകയാണെന്ന് വണ്ടിയില്‍ വെച്ച് അവള്‍ പറഞ്ഞുകൊണ്ടിരുന്നു. ഞാനവളെ ആശ്വസിപ്പിച്ചു’.

കിം ഫുക്കിനെ അന്ന് രക്ഷിക്കാന്‍ കഴിഞ്ഞില്ലായിരുന്നെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമായിരുന്നെന്ന് പിന്നീട് നിക്ക് ഉട്ട് പറഞ്ഞിട്ടുണ്ട്. തനിക്ക് സമാനമായി പുലിറ്റ്‌സര്‍ സമ്മാനം നേടിയ കെവിന്‍ കാര്‍ട്ടര്‍ ചെയ്തതുപോലെ. പട്ടിണിക്കോലമായ ഒരു കുട്ടിയെ തിന്നാനൊരുങ്ങുന്ന പക്ഷിയുടെ ചിത്രമായിരുന്നു കാര്‍ട്ടറുടേത്. അത് സമ്മാനം നേടിയെങ്കിലും ആ കുട്ടിയെ രക്ഷിക്കാന്‍ കാര്‍ട്ടറിന് കഴിഞ്ഞിരുന്നില്ല. അതില്‍ മനം നൊന്താണ് കടുത്ത മാനസികാസ്വാസ്ഥ്യത്തില്‍ കാര്‍ട്ടര്‍ ആത്മഹത്യ ചെയ്തത്.

ചടങ്ങ് കഴിഞ്ഞ് സ്റ്റേജിന് താഴെ കാണികള്‍ക്കായി ഒരുക്കിയ കസേരകളുടെ മുന്‍നിരയില്‍ വന്ന് ഇരുന്നപ്പോഴും മലയാളികളുടെ ‘സെല്‍ഫി ഭ്രാന്ത് ‘ അവസാനിച്ചിരുന്നില്ല. സകലരും വന്ന് ആ മനുഷ്യനൊപ്പം വീണ്ടും വീണ്ടും ഫോട്ടോയെടുത്തു. കഴിഞ്ഞ രണ്ട് മണിക്കൂറായി മലയാളികള്‍ ആ മനുഷ്യനെ വെറുപ്പിച്ചുകൊണ്ടിരിക്കുകയാണല്ലോ എന്ന് ഖേദത്തോടെ ഓര്‍ത്തു. ആ മനുഷ്യനെക്കൊണ്ടാണല്ലോ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ മലയാളികളെ തൊട്ടുമുമ്പ് സ്‌റ്റേജില്‍ വെച്ച് പൊന്നാട അണിയിപ്പിച്ചതെന്ന് ഓര്‍ത്തപ്പോള്‍ ജാള്യത തോന്നി. നിഷ്‌കളങ്കനായ ആ മനുഷ്യന്റെ, ആ വ്യക്തിത്വത്തിന്റെ വലുപ്പം മനസിലാക്കാതെ അതും ചെയ്തല്ലോ മലയാളികള്‍!

വിയറ്റ്‌നാം യുദ്ധത്തെ മാറ്റിമറിച്ച ആ ചിത്രത്തിന്റെ സ്രഷ്ടാവിനെ, കിം ഫുക്കിന്റെ രക്ഷകനെ, ലോകത്തെ എക്കാലത്തെയും വലിയ ഹീറോകളിലൊരാളെ ആ സംഭവം നടന്ന് 46 വര്‍ഷത്തിന് ശേഷം നേരിട്ട്, ജീവനോടെ കണ്ടു. സാമ്രാജ്യത്വം ബാക്കിവെയ്ക്കുന്നത് എന്തൊക്കെയാണെന്ന് ലോകത്തിന് ചിത്രങ്ങളിലൂടെ പറഞ്ഞുകൊടുത്ത മനുഷ്യനെ കണ്‍നിറയെ കണ്ടു. മൂടുപടങ്ങളില്ലാത്ത, നിഷ്‌കളങ്കനായ, തുറന്നുപെരുമാറുന്ന ആ മനുഷ്യന്‍ ഒരു കാഴ്ചയായിരുന്നു. മാനവികതയുടെ, മനുഷ്യസ്‌നേഹത്തിന്റെ എല്ലാത്തിനുമുപരി ലാളിത്യത്തിന്റെ… സല്യൂട്ട് നിക്ക് ഉട്ട്… സല്യൂട്ട്….