ജെഡിയു ശരത് യാദവ് വിഭാഗത്തിന് രാജ്യസഭാ സീറ്റ് നല്‍കാന്‍ ഇടതുമുന്നണി തീരുമാനം

0
46

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റ് യുഡിഎഫ് വിട്ടുവന്ന ജെഡിയു ശരത് യാദവ് വിഭാഗത്തിന് നല്‍കാന്‍ ഇടതുമുന്നണിയുടെ തീരുമാനം. തിരുവനന്തപുരത്ത് നടന്ന എല്‍ഡിഎഫ് യോഗത്തിലാണ് തീരുമാനം. ജെഡിയു ശരത് യാദവ് വിഭാഗത്തെ മുന്നണിയുമായി സഹകരിപ്പിക്കാനും യോഗത്തില്‍ തീരുമാനമെടുത്തു. എന്നാല്‍ ജെഡിയുവിനെ തത്ക്കാലം മുന്നണിയില്‍ പ്രവേശിപ്പിക്കേണ്ടതില്ലെന്നാണ് തീരുമാനം.

രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ടത് 12-ാം തീയതിയാണ് . 11-ന് തന്നെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ ജെഡിയുവിന് നിര്‍ദ്ദേശം നല്‍കി. കൂടാതെ ചെങ്ങന്നൂര്‍ ഉപതിഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 20-ാം തീയതി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വിളിച്ച് ചേര്‍ക്കാനും യോഗത്തില്‍ തീരുമാനമായി.

രാജ്യസഭാ സീറ്റ് നല്‍കാനുള്ള ഇടതുമുന്നണി തീരുമാനം ജെഡിയു സ്വാഗതം ചെയ്തു. രാജ്യസഭാ സീറ്റിനായി പരിഗണിച്ചതില്‍ സന്തോഷമുണ്ടെന്നും പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയെ പാര്‍ലമെന്ററി ബോര്‍ഡ് തീരുമാനിക്കുമെന്നും എം.പി.വീരേന്ദ്രകുമാര്‍ പറഞ്ഞു.

അതേസമയം ജനതാദള്‍ സെക്യുലറും ജനതാദള്‍ ശരത് യാദവ് വിഭാഗവും തമ്മില്‍ ലയിക്കുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്ന് ജനതാദള്‍ സെക്യുലര്‍ സംസ്ഥാന സെക്രട്ടറി കെ.കൃഷ്ണന്‍ കുട്ടി വ്യക്തമാക്കി.