‘ഞങ്ങള്‍ നിശ്ചലമായാല്‍ ലോകം നിശ്ചലമാകും’ വനിതാ ദിനത്തില്‍ സ്പെയിന്‍ നിശ്ചലമായി

0
83

അന്താരാഷ്ട്ര വനിതാ ദിനത്തില്‍ വനിതാ പ്രക്ഷോഭകരുടെ പൊതുപണിമുടക്കില്‍ സ്പെയിന്‍ സ്തംഭിച്ചു. ലിംഗനീതിക്കായാണ് അവര്‍ ശബ്ദമുയര്‍ത്തിയത്. ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ 170 രാഷ്ട്രങ്ങളില്‍ വനിതാ വിമോചന സംഘടനകള്‍ പണിമുടക്കിന് ആഹ്വാനം നല്‍കിയെങ്കിലും സ്പെയിനില്‍ മാത്രമാണ് ട്രേഡ് യൂണിയനുകളുടെ പിന്തുണയോടെ പ്രക്ഷോഭം സംഘടിപ്പിച്ചത്.

രാജ്യത്തെ ട്രേഡ് യൂണിയനുകളും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളിലെ
വനിതാ നേതാക്കളും പണിമുടക്കിന് പിന്തുണ അറിയിച്ചു. ‘ഞങ്ങള്‍ നിശ്ചലമായാല്‍ ലോകം നിശ്ചലമാകും’ എന്ന മുദ്രാവാക്യമുയര്‍ത്തി സ്പെയിനിലെ 120 തെരുവുകളില്‍ വനിതാ പ്രക്ഷോഭകര്‍ ഇറങ്ങി. സ്പെയിനില്‍ വനിതാ ജീവനക്കാര്‍ക്ക് പുരുഷന്മാരെ അപേക്ഷിച്ച്‌ 13 മുതല്‍ 19 ശതമാനം വരെ കുറവ് വേതനമാണ് പൊതു-സ്വകാര്യ മേഖലയില്‍ ലഭിക്കുന്നത്.

വനിതകള്‍ കൂട്ടത്തോടെ പണിമുടക്കിയതോടെ രാജ്യത്തെ മിക്ക സേവനമേഖലകളും സ്തംഭിച്ചു. പുരുഷ- വനിത തൊഴിലാളികള്‍ തൊഴിലിടങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പ്രമുഖ ട്രേഡ് യൂണിയനുകളും ആഹ്വാനം ചെയ്തു.തൊഴിലാളികള്‍ വിട്ടുനിന്നതിനെ തുടര്‍ന്ന് മുന്നൂറോളം വിമാനങ്ങള്‍ സര്‍വീസ് റദ്ദാക്കി. രാജ്യത്തെ ജനങ്ങളില്‍ 82 ശതമാനവും വനിതാ പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നതായി പ്രമുഖ ദിനപത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.