ത്രിപുരയില്‍ പുതിയ സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും

0
58

അഗർത്തല: ത്രിപുരയില്‍ ബിപ്ലബ് ദേബ് ഇന്ന് അധികാരമേല്‍ക്കും. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക.60 അംഗ നിയമസഭയില്‍ 43 പേരുടെ പിന്തുണയോടെയാണ് ബിപ്ലബ് ദേബിന്റെ ബിജെപി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്. ബിജെപി 35ഉം ഐപിഎഫ്ടി എട്ടും സീറ്റാണ് നേടിയത്. 25 വര്‍ഷത്തെ സിപിഎം ഭരണം തകര്‍ത്താണ് ബിജെപിയുടെ ഈ വലിയ നേട്ടം.അതിനാല്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാര്‍, ബിജെപി മുഖ്യമന്ത്രിമാര്‍ തുടങ്ങി പ്രമുഖരുടെ വലിയ നിര തന്നെ സത്യപ്രതിജ്ഞ ചടങ്ങിനെത്തും.

പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ ബിപ്ലബിനെ മുഖ്യമന്ത്രിയാക്കുമെന്ന് ബിജെപി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഐപിഎഫ്ടിയുമായുള്ള സഖ്യ രൂപീകരണത്തിലും ബിജെപിയുടെ വിജയത്തിലും ബിപ്ലബിന് നിർണ്ണായക പങ്കുണ്ട്. ആദിവാസി വിഭാഗക്കാരനായ ജിഷ്ണു ദേബ് ബര്‍മന്‍ ആണ് ഉപമുഖ്യമന്ത്രി. ജിഷ്ണു പത്രിക സമര്‍പ്പിച്ചിരുന്ന ചാരിലാം മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിവച്ചതിനാല്‍ നിലവില്‍ നിയമസഭാംഗമല്ല. ഈ മാസം 12നാണ് ചാരിലാമില്‍ തെരഞ്ഞെടുപ്പ് നടക്കുക.