ദേശീയപാതകളില്‍ സഹായം ലഭിക്കാന്‍ 1033 നമ്പറിലേക്ക് വിളിച്ചാല്‍ മതി

0
70

ദേശീയപാതകളില്‍ സഹായം ലഭിക്കാന്‍ ഇനി 1033 നമ്പറിലേക്ക് വിളിച്ചാല്‍ മതി. 24 മണിക്കൂറും ദേശീയപാതകളില്‍ സഹായം ലഭ്യമാണ്. റോഡപകടങ്ങള്‍, ദേശീയപാത സംബന്ധിച്ച പരാതികള്‍ ഇനി ടോള്‍ഫ്രീ നമ്പര്‍ 1033 ല്‍ വിളിച്ച് അറിയിക്കാം. യാത്രയില്‍ വാഹനം കേടായാലും 1033 ല്‍ വിളിച്ച് സഹായം തേടാം.

ദേശീയപാതകളില്‍ 24 മണിക്കൂറും സഹായം ലഭ്യമാക്കുന്ന ഹൈവേ ഹെല്‍പ്‌ലൈന്‍ നമ്പര്‍ 1033 പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു. ദില്ലിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രി നിതിന് ഗഡ്കരി പുതിയ അടിയന്തര ടോള്‍ഫ്രീ നമ്പര്‍ 1033 ഉദ്ഘാടനം ചെയ്തു.

വിവിധ ഭാഷകളില്‍ ടോള്‍ഫ്രീ നമ്പര്‍ സേവനം ലഭ്യമാകും. അടിയന്തര ഹെല്‍പ്‌ലൈന്‍ നമ്പറിന് പുറമെ ‘സുഖദ് യാത്ര’ (Sukhad Yatra) എന്ന പുതിയ മൊബൈല്‍ ആപ്പും ദേശീയപാത ഉപയോക്താക്കള്‍ക്കായി കേന്ദ്രം അവതരിപ്പിച്ചു. ദേശീയപാതാ അതോറിറ്റിയാണ് സുഖദ് യാത്ര ആപ്പ് വികസിപ്പിച്ചത്.

ടോള്‍ പ്ലാസകളില്‍ അമിത നിരക്ക് ഈടാക്കുന്നുവെന്ന പരാതിയ്ക്കുള്ള പരിഹാരം കൂടിയാണ് സുഖദ് യാത്ര ആപ്പ്. ഓരോ ബൂത്തിലും നല്‍കേണ്ട കൃത്യമായ നിരക്ക് വിവരങ്ങള്‍ ആപ്പ് ലഭ്യമാക്കും. ടോള്‍ പ്ലാസകളിലെ കാത്തിരിപ്പു സമയം സംബന്ധിച്ച വിവരങ്ങളും തത്സമയം ആപ്പ് നല്‍കും. അതത് ടോള്‍ പ്ലാസകളെ കുറിച്ചുള്ള പ്രതികരണവും ആപ്പില്‍ രേഖപ്പെടുത്താന്‍ അവസരമുണ്ട്.