മുഹമ്മദ് ഷമിയുടെ സഹോദരന്‍ തന്നെ ബലാത്സംഗം ചെയ്‌തെന്ന് ഹസിന്‍ ജഹാന്‍

0
222


കൊല്‍ക്കത്ത: മുഹമ്മദ് ഷമിയുടെ സഹോദരന്‍ തന്നെ ബലാത്സംഗം ചെയ്‌തെന്ന് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍. ഉത്തര്‍ പ്രദേശിലുള്ള ഷമിയുടെ വീട്ടില്‍ പോയപ്പോഴാണ് ഷമിയുടെ മൂത്തസഹോദരന്‍ ഹസിബ് അഹമദ് തന്നെ ബലാത്സംഗം ചെയ്തതെന്ന് ഹസിന്‍ ജഹാന്‍ പറഞ്ഞു. അതേസമയം മുഹമ്മദ് ഷമിക്കെതിരേ ഭാര്യയുടെ പരാതിയില്‍ ഗാര്‍ഹിക പീഡനത്തിനു കേസ് രജിസ്റ്റര്‍ ചെയ്തു. ജാമ്യമില്ല വകുപ്പുകളും ഷമിക്കും സഹോദരനുമെതിരേ ചുമത്തിയിട്ടുണ്ട്. കൊല്‍ക്കത്ത പൊലീസ് ഉദ്യോഗസ്ഥരാണ് ഷമിക്കും സഹോദരനുമെതിരേ ജാമ്യമില്ലാ വകുപ്പുകളും ചുമത്തിയിട്ടുണ്ടെന്ന വിവരം തന്നെ ഫോണ്‍ മുഖേന അറിയിച്ചതെന്ന് ഹസിന്‍ ജഹാന്റെ അഭിഭാഷകന്‍ സക്കീര്‍ ഹുസൈന്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയോടെ ഹസിന്‍ ജഹാനില്‍ നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു.

ഹസിന്‍ ജഹാന്‍ കഴിഞ്ഞ ദിവസം ഷമിക്കെതിരേ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തു വന്നിരുന്നു. തന്റെ ഭര്‍ത്താവിന് പരസ്ത്രീകളുമായി വഴിവിട്ട ബന്ധമുണ്ടെന്നും ഭര്‍ത്താവും കുടുംബാംഗങ്ങളും തന്നെ മാനസികമായും ശാരീരകമായും ഒരു വര്‍ഷത്തോളമായി പീഡിപ്പിച്ചു വരികയാണെന്നും തന്നെ കൊല്ലാനാണ് അവരുടെ പദ്ധതിയെന്നുമായിരുന്നു ജഹാന്‍ ആരോപിച്ചത്. ഷമിയുടെ വഴിവിട്ട ബന്ധങ്ങളുടെ തെളിവുകളായി ഇന്ത്യന്‍ ഫാസ്റ്റ് ബൗളറും ചില സ്ത്രീകളും ഒരുമിച്ചുള്ള ഫോട്ടോകളും ജഹാന്‍ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തു വിട്ടിരുന്നു. വലിയൊരു മഞ്ഞുമലയുടെ അറ്റം മാത്രമാണിതെന്നായിരുന്നു അവര്‍ പറഞ്ഞത്.

2014 ഏപ്രിലില്‍ ആണ് ഷമിയും ഹസിനും വിവാഹിതരാകുന്നത്. ഇവര്‍ക്ക് രണ്ടര വയസുള്ള ഒരു കുട്ടിയുമുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനുവേണ്ടി കളിക്കുന്ന സമയത്ത് ഒരു പാര്‍ട്ടിയില്‍ വെച്ചാണ് ഷമിയും ഹസിനും പരിചയപ്പെടുന്നത്. ഷമിയും ഭാര്യയും കുട്ടിയും കൊല്‍ക്കത്തയിലെ സൗത്ത് സിറ്റി മാളിലാണ് താമസിക്കുന്നത്. നേരത്തെ ബിസിസിഐ കളിക്കാരുടെ പട്ടികയില്‍ നിന്നും ഷമിയെ ഒഴിവാക്കിയിരുന്നു. നിരപരാധിത്വം തെളിയിച്ചാല്‍ വീണ്ടും കരാറില്‍ ഉള്‍പ്പെടുത്താമെന്നാണ് ബോര്‍ഡ് പറഞ്ഞത്.