മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നതിന് മുന്‍പ് ഇന്ത്യ തമോഗര്‍ത്തമായിരുന്നോ: സോണിയ ഗാന്ധി

0
117

ന്യൂഡൽഹി : മുന്‍ സര്‍ക്കാരുകള്‍ ഇന്ത്യയില്‍ ഒന്നും ചെയ്തിട്ടില്ല എന്ന ബിജെപിയുടെ വാദം ജനങ്ങളുടെ ബുദ്ധിയെ പരിഹസിക്കുന്നതാണെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. 2014 മെയ് 16ന് മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നതിന് മുന്‍പ് ഇന്ത്യ തമോഗര്‍ത്തമായിരുന്നോയെന്നും ഇന്ത്യാ ടുഡേ കോണ്‍ക്ലേവ് 2018 ല്‍ സംസാരിക്കവെ സോണിയ ചോദിച്ചു.

70 വര്‍ഷക്കാലമായി കോണ്‍ഗ്രസ് രാജ്യത്തിനു വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന ബിജെപി ആരോപണങ്ങളോടുള്ള പ്രതികരണമായിരുന്നു സോണിയയുടേത്. ആരുടെയും പേരെടുത്ത് പരാമര്‍ശിക്കാതെയാണ് കഴിഞ്ഞകാല നേട്ടങ്ങളെ ഒന്നുമല്ലാതാക്കിക്കൊണ്ടുള്ള വിമര്‍ശനങ്ങള്‍ക്കെതിരെ സോണിയ പ്രതികരിച്ചത്. കഴിഞ്ഞകാലങ്ങളില്‍ ഇന്ത്യക്ക് വേണ്ടി കോണ്‍ഗ്രസ് എന്തെങ്കിലും ചെയ്തു എന്ന ഖ്യാതിക്കുവേണ്ടിയല്ല താനിത് പറയുന്നതെന്നും കഴിഞ്ഞ ദശാബ്ദങ്ങളില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങളും കഠിന പരിശ്രമങ്ങളും തിരിച്ചറിയണമെന്ന് കരുതിയാണെന്നും സോണിയ പറഞ്ഞു.

ഇത് നേട്ടങ്ങളെക്കുറിച്ച്‌ പറയാനല്ലെന്നും മുന്‍ വര്‍ഷങ്ങളില്‍ ഇന്ത്യയുടെ ശക്തി എന്തായിരുന്നുവെന്ന് ഓര്‍മിപ്പിക്കാനാണെന്നും സോണിയ വ്യക്തമാക്കി.യഥാര്‍ത്ഥത്തില്‍ 2014 മേയ് 16 നുശേഷം നമ്മുടെ ഭരണഘടനയുടെ അടിത്തറ അട്ടിമറിക്കപ്പെടുകയാണുണ്ടായത്. ഇന്ന് ഭയത്തിന്റെയും ഭീഷണിയുടേയും നിഴലിലാണ് ഇന്ത്യയെന്നും, സമൂഹം ഭിന്നിക്കപ്പെട്ടെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.