സിറോ മലബാര്‍ സഭ: കര്‍ദിനാള്‍ മാറി നില്‍ക്കണമെന്ന് വൈദികര്‍

0
51

കൊച്ചി: സിറോ മലബാര്‍ സഭയുടെ വിവാദ ഭൂമിയിടപാട് സംബന്ധിച്ച പ്രശ്നങ്ങള്‍ അവസാനിക്കുന്നതു വരെ അതിരൂപതയുടെ ചുമതലകളില്‍ നിന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മാറിനില്‍ക്കണമെന്ന് വൈദികരുടെ സമിതി. ഇക്കാര്യം ചൂണ്ടിക്കാട്ടി സഹായമെത്രാന് വൈദികര്‍ നിവേദനം കൈമാറി.

സിനഡ് ചുമതലപ്പെടുത്തിയ സമിതിയുടെ അന്വേഷണത്തില്‍ കാനോനിക നിയമങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായിരുന്നു. എന്നാല്‍, തങ്ങളോട് കാര്യകാരണങ്ങള്‍ വിശദീകരിക്കുന്നതില്‍ ആരോപണവിധേയര്‍ പരാജയപ്പെട്ടു. ഇക്കാര്യത്തില്‍ സിനഡിന്റെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും സിനഡിലുള്ള വിശ്വാസം തങ്ങള്‍ക്ക് നഷ്ടപ്പെട്ടെന്നും വൈദികര്‍ പറഞ്ഞു.

സാമ്പത്തിക-ഭൂമി ഇടപാടുകളിലെ അധാര്‍മ്മികതയുടെയും അന്വേഷണത്തിന്റെയും പശ്ചാത്തലത്തില്‍ അതിരൂപത അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എല്ലാ ഉത്തരവാദിത്തങ്ങളില്‍ നിന്നും മാറിനില്‍ക്കണമെന്നാണ് വൈദികരുടെ യോഗം ആവശ്യപ്പെട്ടിരിക്കുന്നത്. വൈദിക യോഗം ഇക്കാര്യത്തില്‍ പ്രമേയം പാസാക്കി. ഈ തീരുമാനം മാര്‍പാപ്പയെയും സിനഡിനെയും ഔദ്യോഗികമായി അറിയിക്കണമെന്നാവശ്യപ്പെട്ടാണ് സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന് വൈദികര്‍ നിവേദനം നല്കിയത്.

അതിനിടെ, മലയാറ്റൂരില്‍ കൊല്ലപ്പെട്ട വൈദികന്‍ സേവ്യര്‍ തേലക്കാട്ടിന്റെ മരണത്തില്‍ പൊലീസ് സമഗ്രാന്വേഷണം നടത്തണമെന്നും അതിനു പിന്നിലെ ഗൂഢാലോചന പൂര്‍ണമായും പുറത്തുകൊണ്ടുവരണമെന്നും വൈദികര്‍ ആവശ്യപ്പെട്ടു.