സീതാറാം യെച്ചൂരി ഇന്ന് ത്രിപുര സന്ദര്‍ശിക്കും

0
75

ന്യൂഡല്‍ഹി : സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപകമായി ആക്രമണങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് ത്രിപുര സന്ദര്‍ശിക്കും. സംഘര്‍ഷ പ്രദേശങ്ങളാകും യെച്ചൂരി സന്ദര്‍ശിക്കുക.തിരഞ്ഞെടുപ്പുഫലം വന്നശേഷം വ്യാപക ആക്രമണമാണ് ത്രിപുരയില്‍ അരങ്ങേറുന്നത്. മൂന്നുപേര്‍ ഇതിനകം കൊല്ലപ്പെട്ടു. ബി.ജെ.പി. മന്ത്രിസഭ അധികാരമേല്‍ക്കുന്ന ദിവസം തന്നെയാണ് യെച്ചൂരി സന്ദര്‍ശനത്തിന് തിരഞ്ഞെടുത്തത്. സംഘര്‍ഷപ്രദേശങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും. രണ്ടുദിവസം ത്രിപുരയില്‍ തങ്ങാനാണ് തീരുമാനമെങ്കിലും വേണ്ടിവന്നാല്‍ കുറച്ചുദിവസം കൂടി തങ്ങുമെന്നു സി.പി.എം. നേതാക്കള്‍ പറഞ്ഞു.

ത്രിപുരയില്‍ 134 പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കപ്പെട്ടെന്നും 208 എണ്ണം പിടിച്ചെടുത്തെന്നും സി. പി. എം. കേന്ദ്രനേതൃത്വം കഴിഞ്ഞദിവസം പ്രധാനമന്ത്രിക്കു നല്‍കിയ പരാതിയില്‍ പറയുന്നു. 1539 വീടുകള്‍ ആക്രമിച്ചു. 514 പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. 196 വീടുകള്‍ക്കു തീവെച്ചു. തിങ്കളാഴ്ച തുടങ്ങിയ അക്രമം ഇനിയും അവസാനിച്ചിട്ടില്ല. ബംഗാളില്‍ മൂന്നര പതിറ്റാണ്ടുനീണ്ട ഇടതുഭരണം 2011-ല്‍ തകര്‍ന്നപ്പോഴും വ്യാപകമായി അക്രമം നടന്നിരുന്നു. അന്ന് പ്രവര്‍ത്തകര്‍ ആക്രമണത്തിനിരയായപ്പോള്‍ കേന്ദ്രനേതാക്കളാരും എത്താതിരുന്നത് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാവുകയും പ്രതിഷേധത്തിനിടയാക്കുകയും ചെയ്തിരുന്നു.