സുധാകരന്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ സിപിഎമ്മിന് എന്താണ് വിഷമം; കെ.സുരേന്ദ്രന്‍

0
125

കോട്ടയം: കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന് ബിജെപിയിലേക്ക് ക്ഷണമുണ്ടായെന്ന വാര്‍ത്തകള്‍ക്കിടെ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. സുധാകരന്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ സിപിഎമ്മിന് എന്താണ് വിഷമമെന്ന് ഫെയ്‌സ്ബുക്കിലെ കുറിപ്പില്‍ സുരേന്ദ്രന്‍ ചോദിക്കുന്നു. മറ്റു പാര്‍ട്ടിക്കാര്‍ ബിജെപിയില്‍ ചേരുന്നത് പുതിയ സംഭവമാണോ എന്ന് അദ്ദേഹം ചോദിക്കുന്നു. സിപിഎം എംഎല്‍എയായിരുന്ന അല്‍ഫോന്‍സ് കണ്ണന്താനം ബിജെപി മന്ത്രിയായി. ത്രിപുരയില്‍ ബിജെപി വിജയിച്ചത് മറ്റു പാര്‍ട്ടിക്കാര്‍ വന്നതുകൊണ്ടല്ലേ?. നല്ല സിപിഎം നേതാക്കളെയും ബിജെപിയില്‍ ചേര്‍ക്കും- സുരേന്ദ്രന്‍ പ്രതികരിച്ചു.

കേരളത്തിലെ കോണ്‍ഗ്രസുകാരെ ബിജെപിയില്‍ ചേര്‍ക്കാനുള്ള ഏജന്‍സി പണിയാണ് കെ. സുധാകരന്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ നേരത്തെ ആരോപിച്ചിരുന്നു. തനിക്ക് ബിജെപിയിലേക്ക് ക്ഷണമുണ്ടായിരുന്നുവെന്ന സുധാകരന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു കടുത്ത ആരോപണങ്ങളുമായി ജയരാജന്‍ രംഗത്തെത്തിയത്. ഇതിനെതിരെയാണ് സുരേന്ദ്രന്റെ കുറിപ്പ്.

കെ.സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ..

ഇനി കെ. സുധാകരൻ ബി. ജെ. പിയിൽ ചേർന്നാൽ തന്നെ സി. പി. എമ്മിനെന്താ ഇത്ര ദണ്ഡം. ഇതാദ്യമായിട്ടാണോ മററു പാർട്ടിയിലുള്ളവർ ബി. ജെ. പിയിൽ ചേരുന്നത്? ഇപ്പോൾ കേന്ദ്രമന്ത്രിസഭയിൽ ടൂറിസം മന്ത്രിയായിരിക്കുന്ന അൽഫോൺസ് കണ്ണന്താനം കേരളാ നിയമസഭയിലെ സി. പി. എം വിജയിപ്പിച്ച എം. എൽ. എ ആയിരുന്നില്ലേ? ത്രിപുരയിൽ ബി. ജെ. പി അധികാരത്തിൽ വന്നത് ബി. ജെ. പിയിലേക്കു പുതുതായി മററു പാർട്ടിക്കാർ വന്നതുകൊണ്ടല്ലേ. ജനാധിപത്യസംവിധാനത്തിൽ ആളുകൾ പാർട്ടിമാറുന്നത് ഇത്രവലിയ അപരാധമാണോ? എസ്. എം കൃഷ്ണ കർണ്ണാടകയിൽ കോൺഗ്രസ്സിൻറെ മുഖ്യമന്ത്രി ആയിരുന്നില്ലേ. കേരളത്തിൽ ബി. ജെ. പിക്ക് പതിനഞ്ച് ശതമാനം വോട്ടുകിട്ടിയത് പലരും പുതുതായി പാർട്ടിയിൽ ചേർന്നതുകൊണ്ടല്ലേ. സി. പി. എമ്മിൻറെ അനുവാദം വാങ്ങിയിട്ടുവേണോ ആളുകൾക്കു ബി. ജെ. പിയിൽ ചേരാൻ? കോൺഗ്രസ്സുകാരെ മാത്രമല്ല നല്ല സി. പി. എം നേതാക്കളെ കിട്ടിയാലും ഞങ്ങൾ പാർട്ടിയിൽ ചേർക്കും.