സോളാര്‍ കമ്മിഷന്‍ നിയമനത്തിലെ കാബിനറ്റ് നോട്‌സ് കാണാനില്ലെന്ന് സര്‍ക്കാര്‍

0
57

കൊച്ചി: സോളാര്‍ കമ്മീഷന്‍ നിയമനത്തിലെ കാബിനറ്റ് നോട്സ് കാണാനില്ലെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയില്‍ നല്‍കിയ അധിക സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സോളാര്‍ കമ്മീഷന്‍ നിയമനത്തിന്റെ കാബിനറ്റ് നോട്‌സ് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കാബിനറ്റ് രേഖകള്‍ കാണാനില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.

സോളാര്‍ കമ്മീഷന്റെ നിയമനം നിയമാനുസൃതമല്ലെന്നും കമ്മീഷന്‍ നിയമനം അസാധുവാണെന്നും ചൂണ്ടിക്കാട്ടി ഉമ്മന്‍ചാണ്ടി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. നടപടിക്രമങ്ങള്‍ പാലിച്ചല്ല സോളാര്‍ കമ്മീഷനെ നിയമിച്ചതെന്നും ഉമ്മന്‍ചാണ്ടി ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം.

പൊതു താല്‍പര്യ വിഷയത്തില്‍ മാത്രമേ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ പാടുള്ളൂ. എന്നാല്‍ പൊതുതാത്പര്യമെന്ന നിലയില്‍ തന്റെ കാബിനറ്റ് ഈ വിഷയം പരിഗണിച്ചിട്ടില്ലെന്നും ആ രീതിയില്‍ മന്ത്രിസഭാ യോഗ തീരുമാനം ഉണ്ടായിട്ടില്ലെന്നുമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വാദം. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഓഫീസിലാണ് കാബിനറ്റ് നോട്‌സ് തയ്യാറാക്കിയിരുന്നത്. മുഖ്യമന്ത്രിയായിരിക്കെ തന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെ നിയമനം തന്നെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജി.