‘അപകടം’ മനസ്സിലാക്കാതെയാണ് ഡോണള്‍ഡ് ട്രംപ് കിമ്മുമായി ചര്‍ച്ചയ്‌ക്കൊരുങ്ങുന്നത്; ഹിലറി ക്ലിന്റന്‍

0
65

ഹേഗ്: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായി ചര്‍ച്ച നടത്താനുള്ള യുഎസിന്റെ ശ്രമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി ഹിലറി ക്ലിന്റന്‍. ‘അപകടം’ മനസ്സിലാക്കാതെയാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കിമ്മുമായി ചര്‍ച്ചയ്‌ക്കൊരുങ്ങുന്നതെന്ന് മുന്‍ സ്റ്റേറ്റ് സെക്രട്ടറി കൂടിയായ ഹിലറി പറഞ്ഞു.

കിമ്മുമായി എപ്രകാരം ചര്‍ച്ച നടത്തണം എന്ന് തീരുമാനമെടുക്കാന്‍ പോലും പരിചയസമ്പന്നരായ നയതന്ത്രജ്ഞര്‍ നിലവില്‍ ട്രംപിനൊപ്പമില്ല. ഉത്തരകൊറിയന്‍ വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ ട്രംപിന് നിശ്ചയമായും വേണ്ടത് അതാണെന്നും ഹിലറി പറഞ്ഞു. ഡച്ച് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഹിലറി ഇക്കാര്യം വ്യക്തമാക്കിയത്.

നല്ല നയതന്ത്രജ്ഞരില്ലാതെ രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്താനാകില്ലെന്നും അതിന് സാധിക്കുമായിരുന്ന ഒട്ടേറെ പേര്‍ സ്ഥാനമൊഴിഞ്ഞു പോയതായും ഹിലറി പറഞ്ഞു. ഉത്തരകൊറിയയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോലും ആളില്ലാത്ത വിധത്തില്‍ സര്‍ക്കാര്‍ ‘ക്ഷയിച്ചെന്നും’ ഹിലറി കുറ്റപ്പെടുത്തി.

റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നത് പോലെ എളുപ്പമാണ് കിമ്മുമായുള്ള കൂടിക്കാഴ്ചയെന്ന് ട്രംപ് കരുതരുതെന്ന് ഐക്യരാഷ്ട്ര സംഘടനയിലെ മുന്‍ യുഎസ് അംബാസഡര്‍ ബില്‍ റാച്ചാര്‍ഡ്‌സന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.