അവസാന ശ്വാസം വരെ കോണ്‍ഗ്രസുകാരനായിരിക്കും: കെ.സുധാകരന്‍

0
58

കണ്ണൂര്‍: ബിജെപിയിലേക്കെന്ന ആരോപണം തള്ളി കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചുവെന്നും സിപിഎം കള്ളപ്രചാരണം നടത്തുകയാണെന്നും സുധാകരന്‍ ആരോപിച്ചു. അവസാന ശ്വാസം വരെ കോണ്‍ഗ്രസുകാരനായിരിക്കും. ബിജെപിയില്‍ പോകുമെന്നല്ല ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞത്. താന്‍ എന്തു രാഷ്ട്രീയ നിലപാടു സ്വീകരിക്കണം എന്നതിനു സിപിഎം നേതാക്കളുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല, തനിക്കു സ്വയം തീരുമാനമെടുക്കാന്‍ അവകാശമുണ്ട് എന്നാണു പറഞ്ഞത്. തന്റെ വാചകങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്തു സിപിഎം കേന്ദ്രങ്ങള്‍ കള്ളപ്രചാരണം നടത്തുകയാണെന്നും സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇത്തരം നാണംകെട്ട പ്രചാരണം നടത്താന്‍ പി. ജയരാജനു മാത്രമേ കഴിയൂ. താന്‍ ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് എഡിറ്റ് ചെയ്ത ഭാഗം പ്രചരിപ്പിച്ച മറ്റൊരു സ്വകാര്യ ചാനലിനെതിരെ നിയമനടപടി ആലോചിക്കുകയാണ്. രാഷ്ട്രീയത്തില്‍ എന്തു സംഭവിച്ചാലും താന്‍ ഒരിക്കലും ബിജെപിയിലേക്കും സിപിഎമ്മിലേക്കും പോകില്ല. ഇനി ഈ വിഷയത്തില്‍ പ്രതികരണമില്ല. ഷുഹൈബ് കൊലക്കേസില്‍ പ്രതിസ്ഥാനത്തുള്ള സിപിഎമ്മിന് കേരള രാഷ്ട്രീയത്തിലേക്കു തിരികെ വരാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഈ പ്രചാരണമെന്നും സുധാകരന്‍ ആരോപിച്ചു.