ഇടതു സര്‍ക്കാര്‍ സഹായധനമായി നല്‍കിയത് 335 കോടി;ആശ്വാസം ലഭിച്ചത് 2.3 ലക്ഷം പേര്‍ക്ക്

0
79

തിരുവനന്തപുരം: ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും സഹായധനമായി വിതരണം ചെയ്തത് 335 കോടി രൂപ. വിവിധമേഖലകളില്‍ ദുരിതം അനുഭവിക്കുന്ന 2.3 ലക്ഷം പേര്‍ക്ക് ആശ്വാസമേകാനാണ് ഇത്രയും തുക അനുവദിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇതേ കാലയളവില്‍ 2011 ജൂണ്‍ മുതല്‍ 2013 ജനുവരി വരെ 169 കോടി രൂപയായിരുന്നു ദുരിതാശ്വാസനിധിയില്‍ നിന്നും വിതരണം ചെയ്തത്. കൂടുതല്‍ ആളുകള്‍ക്ക് കൂടുതല്‍ ധനസഹായം എത്തിക്കാന്‍ ഇത്തവണ കഴിഞ്ഞുവെന്നും പിണറായി വിജയന്‍ ഫെയ്‌സ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

ദുരിതാശ്വാസനിധിയില്‍ നിന്നും വേഗത്തില്‍ സഹായധനം അനുവദിക്കാന്‍ കുറ്റമറ്റസംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഓണ്‍ലൈനായി അപേക്ഷ നല്‍കാനുള്ള സംവിധാനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷയുമായി ആരും സെക്രട്ടറിയേറ്റില്‍ നേരിട്ട് എത്തണമെന്നില്ല. ചികിത്സാരേഖകളും ചികിത്സക്ക് ചെലവിടുന്ന തുക സംബന്ധിച്ചും കൃത്യമായ വിവരങ്ങളും അപേക്ഷക്കൊപ്പം ഉണ്ടെങ്കില്‍ വേഗത്തില്‍ തീരുമാനമെടുക്കാന്‍ കഴിയും. അപേക്ഷയിന്മേല്‍ റിപ്പോര്‍ട്ട് ഓണ്‍ലൈനായി ലഭ്യമാക്കുന്ന സംവിധാനം കൂടി നിലവില്‍ വന്നതോടെ കാലതാമസം ഇല്ലാതെ തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് കഴിയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.