ഇസ്ലാം മത വിശ്വാസത്തിലേക്ക് മാറാന്‍ സഹായിച്ചതിന് നന്ദി പറഞ്ഞ് ഹാദിയ പോപ്പുലര്‍ ഫ്രണ്ട് ആസ്ഥാനത്ത്‌

0
76

കോഴിക്കോട്: തന്നെ ഇസ്ലാം വിശ്വാസത്തിലേക്ക് മാറാന്‍ സഹായിച്ചത് പോപ്പുലര്‍ ഫ്രണ്ട് മാത്രമാണെന്നും മറ്റ് ഇസ്ലാം സംഘടനകള്‍ തന്റെ ആവശ്യം നിരാകരിക്കുകയായിരുന്നുവെന്നും ഹാദിയ. ഇന്ന് പോപ്പുലര്‍ ഫ്രണ്ട് ആസ്ഥാനത്ത് എത്തിയ ഹാദിയ തന്നെ സഹായിച്ചതിന് സംഘടനാ നേതൃത്വത്തിന് നന്ദി പറഞ്ഞു. വ്യാഴാഴ്ച സുപ്രീംകോടതി ഷെഫിന്‍ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം സാധൂകരിച്ചതിന് പിന്നാലെയാണ് ഹാദിയ പോപ്പുലര്‍ ഫ്രണ്ട് ആസ്ഥാനത്ത് എത്തിയത്. സേലത്ത് ഹോമിയോ മെഡിസിന്‍ പഠനം നടത്തുന്ന ഹാദിയയെ ഷെഫിന്‍ ജഹാന്‍ കോളേജിലെത്തി കൂട്ടിക്കൊണ്ടുവരികയായിരുന്നു. തുടര്‍ന്ന് ഇന്ന് ഇരുവരും പോപ്പുലര്‍ ഫ്രണ്ട് ആസ്ഥാനത്തെത്തി ചെയര്‍മാന്‍ ഇ.അബൂബക്കറുമായി കൂടിക്കാഴ്ച നടത്തി. കോളേജ്‌ അധികൃതര്‍ മൂന്ന് ദിവസത്തേക്ക് ഹാദിയയ്ക്ക് അവധി നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ചയോടെ കോളേജിലേക്ക് മടങ്ങി പഠനം തുടരുമെന്നും ഹാദിയ പറഞ്ഞു.

ഇസ്ലാം മതം സ്വീകരിക്കാന്‍ തീരുമാനിച്ചശേഷം താന്‍ പലരെയും സഹായത്തിനായി സമീപിച്ചു. ആരും സഹായിച്ചില്ലെന്ന് മാത്രമല്ല സഹായിക്കാന്‍ ശ്രമിച്ചവരെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന നിലപാടാണ് സംഘടനകള്‍ സ്വീകരിച്ചത്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയാണ് തന്നെ സഹായിക്കാന്‍ ആകെയുണ്ടായിരുന്നത്. പോപ്പുലര്‍ ഫ്രണ്ടിനോടുള്ള നന്ദി അറിയിക്കുന്നതായും ഹാദിയ പറഞ്ഞു. സാധാരണക്കാരിയായ തന്റെ വിവാഹം ഇത്ര വലിയ ചര്‍ച്ചയായത് മുസ്ലീമായി മതംമാറിയതിനാലാണെന്നും ഹാദിയ പറഞ്ഞു. തനിക്ക് ഇപ്പോള്‍ സ്വാതന്ത്ര്യം ലഭിച്ചിരിക്കുകയാണ്. കോളേജിലേക്ക് മടങ്ങിപ്പോകുന്നതിന് മുമ്പ് തിങ്കളാഴ്ച വാര്‍ത്താസമ്മേളനം നടത്തുമെന്നും ഹാദിയ വ്യക്തമാക്കി.

പ്രായപൂര്‍ത്തിയായവര്‍ക്ക് ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാന്‍ ഭരണഘടന നല്‍കുന്ന അവകാശം നാട്ടില്‍ നിഷേധിക്കപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് ഹാദിയക്കൊപ്പമുണ്ടായിരുന്ന ഷെഫിന്‍ ആരോപിച്ചു. നിയമപോരാട്ടത്തില്‍ ഒപ്പം നിന്നത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയാണ്. ഇതിന് നന്ദി പറയാനാണ് ഇവിടെയെത്തി ചെയര്‍മാന്‍ ഇ. അബുബക്കറിനെ കണ്ടതെന്നും ഷെഫിന്‍ ജഹാന്‍ വ്യക്തമാക്കി.

ഹാദിയയുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു വ്യാഴാഴ്ച സുപ്രിംകോടതി, ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹം ശരിവെച്ച് ഉത്തരവിട്ടത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് രാജ്യം ഉറ്റുനോക്കിയിരുന്ന വിധി പ്രസ്താവിച്ചത്.

ഹാദിയയുടെയും ഷെഫിന്റെയും വിവാഹം നിയമപരമാണെന്ന് ഉത്തരവില്‍ പറയുന്നു. പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ തമ്മില്‍ നടത്തുന്ന വിവാഹം തടയാനാകില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഹൈക്കോടതി വിധിയെ സുപ്രിംകോടതി റദ്ദ് ചെയ്തത്. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഹൈക്കോടതിക്ക് വിവാഹം റദ്ദാക്കാനാകില്ലെന്ന് സുപ്രിംകോടതി പറഞ്ഞു. 2017 മെയ് 24 നാണ് ഹൈക്കോടതി ഹാദിയയുടെ വിവാഹം റദ്ദാക്കിയത്.