എം.മുരളിയുടെ പേര് വെട്ടിയത് ഉമ്മന്‍ചാണ്ടി; ചെങ്ങന്നൂര്‍ ഐ ഗ്രൂപ്പിന് മുറിവാകുന്നു

0
646

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാന്‍ കച്ചകെട്ടിയിറങ്ങിയ ആലപ്പുഴ യുഡിഎഫ് ചെയര്‍മാന്‍ എം.മുരളിയെ വെട്ടി നിരത്തിയത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ ആശീര്‍വാദവുമായി ചെങ്ങന്നൂരില്‍ മുരളി സജീവമായിരുന്നു.
ചെങ്ങന്നൂര്‍ എ ഗ്രൂപ്പിന്റെ സീറ്റാണ്. അവിടെ സ്ഥാനാര്‍ത്ഥി നിര്‍ണയം ചെന്നിത്തല നടത്തേണ്ട എന്ന് കര്‍ക്കശ സ്വരത്തില്‍ ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടതോടെ ചെങ്ങന്നൂരിലെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്നും എം.മുരളി തെറിക്കുകയായിരുന്നു.

എം.മുരളിയുടെ രാഷ്ട്രീയ ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത തിരിച്ചടിയാണ് ഉമ്മന്‍ചാണ്ടി നല്‍കിയിരിക്കുന്നത്.

എം.മുരളിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആവശ്യപ്പെട്ട് രമേശ്‌ ചെന്നിത്തല നല്‍കിയ കത്താണ് ഉമ്മന്‍ചാണ്ടിയെ ക്ഷുഭിതനാക്കിയത്. കത്ത് കണ്ടതോടെ എ ഗ്രൂപ്പിന്റെ സീറ്റില്‍ ചെന്നിത്തല സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തേണ്ട എന്ന് ഉമ്മന്‍ചാണ്ടി വെട്ടിത്തുറന്ന് പറയുകയായിരുന്നു. ഇതോടെ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് അണഞ്ഞ്  കിടക്കുകയായിരുന്ന കോണ്‍ഗ്രസിലെ എ-ഐഗ്രൂപ്പ് പോര് വീണ്ടും സജീവമാകാന്‍ കാരണമായിരിക്കുകയാണ്.

തന്റെ ആശീര്‍വാദവും പിന്തുണയുമായി ചെങ്ങന്നൂരില്‍ മുന്നോട്ട് നീങ്ങിയ എം.മുരളിയെ വെട്ടിയെ ഉമ്മന്‍ചാണ്ടിയുടെ നടപടി ചെന്നിത്തലയ്ക്ക് കിട്ടിയ അപ്രതീക്ഷിത പ്രഹരമാണ്. കാരണം ചെങ്ങന്നൂരില്‍ വിജയപ്രതീക്ഷയുള്ള സ്ഥാനാര്‍ത്ഥിയായിരുന്നു എം.മുരളി.

ഉമ്മന്‍ചാണ്ടിയുടെ ശക്തമായ ഒരൊറ്റ കരുനീക്കത്തിലാണ് മുരളി വഴിയാധാരമായത്. ഇത് ചെന്നിത്തല മാത്രമല്ല. മുരളിയും മറക്കാന്‍ പോകുന്നില്ല. ആലപ്പുഴയിലെ ഗ്രൂപ്പ് രാഷ്ട്രീയം കോണ്‍ഗ്രസിനെ പിടിച്ചുലയ്ക്കാന്‍ പോവുകയാണ്. കാരണം ഉമ്മന്‍ചാണ്ടിയുടെത് ഒരു തരത്തില്‍ പിറകില്‍ നിന്നുള്ള കുത്ത് ആയാണ് ചെന്നിത്തല കരുതുന്നത്.

സുധീരന്‍ കെപിസിസി അധ്യക്ഷന്‍ ആയതുമുതല്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തമ്മില്‍ സൗഹൃദമാണ് നിലനില്‍ക്കുന്നത്. മുരളിയെ നിര്‍ദ്ദേശിച്ചുകൊണ്ടുള്ള കത്ത് ആണ് ഉമ്മന്‍ചാണ്ടിയെ പ്രകോപിപ്പിച്ചത് എന്ന് ചെന്നിത്തലയ്ക്ക് അറിയാം. ഇങ്ങിനെ നിര്‍ദ്ദേശിക്കാന്‍ ചെന്നിത്തല ആര് എന്നാണ് ഉമ്മന്‍ചാണ്ടി ചോദിച്ചത്. കോണ്‍ഗ്രസ് ബഹളം മൂത്തപ്പോള്‍ നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും കഴിഞ്ഞ ദിവസം സഭയില്‍ പറഞ്ഞത് പ്രതിപക്ഷ നേതാവ് ചെന്നിത്തലയെക്കാളും കഴിവുള്ളവര്‍ ആണ് ബഹളം വയ്ക്കുന്നത്, കഴിവുണ്ട് എന്ന അഹങ്കാരത്താല്‍ ആവാം ഈ ബഹളം തുടരുന്നത് എന്നാണ്.

ഇതിനു സമാനമായ രീതിയില്‍ ആണ് ഉമ്മന്‍ചാണ്ടിയും ചെങ്ങന്നൂര്‍ വിഷയത്തില്‍ പ്രതികരിച്ചത്. എ ഗ്രൂപ്പ് സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ ചെന്നിത്തല ആര്? ഈ രണ്ടു വിമര്‍ശനങ്ങളും നേരിട്ട് കൊള്ളുന്നത് ചെന്നിത്തലയുടെ ഹൃദയത്തിലാണ്. അതുകൊണ്ട് തന്നെയാണ് വരും ദിവസങ്ങളില്‍ ഉമ്മന്‍ചാണ്ടിയുടെ തീരുമാനത്തിന്റെ അലയൊലികള്‍ ഗ്രൂപ്പ് പോരിന്റെ രൂപത്തില്‍ ആഞ്ഞുവീശാന്‍ പോകുന്നത്.

ഗ്രൂപ്പ് പോര് എന്ന രീതിയില്‍ വീണ്ടും ചെങ്ങന്നൂര്‍ പ്രശ്നം മുതല്‍ ആളിക്കത്താന്‍ തുടങ്ങുകയാണ്. വരുന്ന ഏത് അവസരവും ചെന്നിത്തല ഉമ്മന്‍ചാണ്ടിയോടുള്ള കണക്കും തീര്‍ക്കാന്‍ ഉപയോഗപ്പെടുത്തും. ചെങ്ങന്നൂര്‍ മുറിവ് ഐ ഗ്രൂപ്പിന്റെ മുറിവ് ആയി രൂപപ്പെടാന്‍ തുടങ്ങുകയാണ്. ഇതിന്റെ അലയൊലികള്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് ഗ്രൂപ്പ് പോരുകളെ പ്രകമ്പനം കൊള്ളിക്കും എന്ന് തന്നെയാണ് ചെങ്ങന്നൂര്‍ നല്‍കുന്ന സൂചനകള്‍.

ഇപ്പോള്‍ വിഷ്ണുനാഥിന്റെ പിന്മാറ്റത്തിനു ശേഷം ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയാണ് ഡി.വിജയകുമാർ. ഈ ഡി.വിജയകുമാര്‍ ആലപ്പുഴയിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തെ പ്രകമ്പനം കൊള്ളിച്ച നേതാവാണ്‌. ചെങ്ങന്നൂര്‍ നിയമസഭാ സീറ്റില്‍ കഴിഞ്ഞ അഞ്ച് തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയ്ക്ക് ഒപ്പം മനസുകൊണ്ട് നില്‍ക്കാത്ത നേതാവാണ്‌ ഡി.വിജയകുമാര്‍.

ചെങ്ങന്നൂരില്‍ വിജയകുമാര്‍ വോട്ടു ചെയ്യുമ്പോള്‍ ആ വോട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയ്ക്ക് നല്‍കിയോ എന്നുപോലുമുള്ള സംശയം ഉള്ളില്‍ പേറുന്ന നേതാക്കളുള്ള ജില്ലയാണ് ആലപ്പുഴ. വിജയകുമാര്‍ ഇത് മനസിലോര്‍ക്കുന്നില്ലെങ്കിലും ആലപ്പുഴയിലെ കോണ്‍ഗ്രസുകാര്‍ ഓര്‍ക്കുന്നുണ്ട്.

മുന്‍പ് ഒരു തിരഞ്ഞെടുപ്പില്‍ ശോഭന ജോര്‍ജിനെ ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍, ഉണ്ടായിരുന്ന ഡിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച് ശോഭനാ ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ അലങ്കോലമാക്കിയ നേതാവാണ്‌ വിജയകുമാര്‍. അത് ചെങ്ങന്നൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കറിയാം. ഈ സംഭവത്തോടെയാണ് വിജയകുമാര്‍ പാര്‍ട്ടിയ്ക്ക് അപ്രിയനായി മാറുന്നത്.

വിജയകുമാറിന്റെ ഈ ചെയ്തിയ്ക്കും കാല്‍ നൂറ്റാണ്ടിന് ശേഷമാണ്  ഒരു സ്ഥാനാര്‍ത്ഥി പട്ടികയില്‍ വിജയകുമാറിന് ഇടം പിടിക്കാന്‍ കഴിയുന്നത്. ഇവിടെ എ ഗ്രൂപ്പിന്റെ വോട്ടുകള്‍ വിജയകുമാറിന് ലഭിക്കാന്‍ പ്രയാസമാകുമായിരുന്നു. പ്രത്യേകിച്ചും പി.സി.വിഷ്ണുനാഥിനെ പിന്തുണക്കുന്നവരുടെ വോട്ടുകള്‍.

പക്ഷെ ഈ വോട്ടുകള്‍  വിജയകുമാറിന് ലഭിച്ചേക്കും. കാരണം ഗ്രൂപ്പ് അടിസ്ഥാനത്തില്‍ രമേശ് ചെന്നിത്തലയെയാണ് ലക്ഷ്യം വെയ്ക്കുന്നത് എന്നതുതന്നെ കാരണം. അതുകൊണ്ട് അതില്‍ കുഴപ്പം വരാന്‍ സാധ്യതയില്ല. പിന്നെ രണ്ടു ഹിന്ദു സ്ഥാനാര്‍ഥികള്‍. ഡി.വിജയകുമാര്‍, ശ്രീധരന്‍ പിള്ള എന്നിങ്ങനെയാകുമ്പോള്‍  ഹിന്ദു വോട്ടുകള്‍ വിഭജിക്കപ്പെടും.

അപ്പോള്‍ ക്രിസ്ത്യന്‍, മുസ്ലിം വോട്ടുകള്‍ ഏകീകരിക്കപ്പെടാന്‍ സാധ്യത കൂടുതലാണ്.
അങ്ങിനെയെങ്കില്‍ സിഎസ്ഐ സഭക്കാരനായ സജി ചെറിയാനെ മാര്‍ത്തോമാ-ഓര്‍ത്തഡോക്സ് സഭകള്‍ പിന്തുണയ്ക്കണം. പക്ഷെ അതിലും ചെറിയ കുഴപ്പം സിപിഎം നേരിടും. കാരണം വിജയകുമാറിന് മണ്ഡലത്തില്‍ നല്ല ബന്ധം ഉണ്ട്. സജി ചെറിയാനെക്കാളും ശ്രീധരന്‍ പിള്ളയെക്കാളും നല്ല ബന്ധം. ഈ ബന്ധം കാരണം ക്രിസ്ത്യന്‍, മുസ്ലിം വോട്ടുകള്‍ അങ്ങിനെ സജി ചെറിയാന് വീഴാന്‍ സാധ്യത കുറവാണ്.

ചെങ്ങന്നൂരില്‍ മത്സരം കടുക്കാനാണ് സാധ്യത. അപ്പോഴാണ്‌ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളെ പോലെ, കെ.കെ.രാമചന്ദ്രന്‍ നായരുടെ അനുസ്മരണ സമ്മേളനത്തില്‍ സജി ചെറിയാന്‍ പറഞ്ഞതുപോലെ
ശോഭനാ ജോര്‍ജ് എന്ന ഘടകം കടന്നുവരുന്നത്. ശോഭനാ ജോര്‍ജിന്റെ കൈവശമുള്ള, അവര്‍
അവകാശപ്പെടുന്ന നാലായിരം വോട്ടുകള്‍ എവിടേയ്ക്ക് മറിയും?. അത് ഒരു ചോദ്യ ചിഹ്നമാണ്. ഇക്കാര്യമായിരിക്കും ഇത്തവണയും ചെങ്ങന്നൂരിന്റെ വിധി നിര്‍ണയിക്കുക.

കഴിഞ്ഞ തവണ കെ.കെ.രാമചന്ദ്രന്‍ നായര്‍ ചെങ്ങന്നൂരില്‍ നിന്നും വിജയിച്ചത് ഏഴായിരത്തില്‍പ്പരം വോട്ടുകള്‍ക്കാണ്. ഇപ്പോഴാണെങ്കില്‍ കോണ്‍ഗ്രസിനകത്തെ ഗ്രൂപ്പ് പോര് മറനീക്കി പുറത്തുവരുന്നുമുണ്ട്.

ചെങ്ങന്നൂരിനു തൊട്ടപ്പുറത്ത് ഹരിപ്പാട് ഉണ്ട്. അവിടുത്തെ എംഎല്‍എ കൂടിയാണ് പ്രതിപക്ഷ നേതാവ് ചെന്നിത്തല. മുരളിയുടെ പേര് വെട്ടുമ്പോള്‍ ഉമ്മന്‍ചാണ്ടി ഇത് ഓര്‍ത്തിട്ടുണ്ടാവില്ല. പക്ഷെ ചെന്നിത്തല ഓര്‍ക്കുന്നുണ്ട്. ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനൊപ്പം തന്നെ ആരംഭിച്ചിരിക്കുകയാണ്. ഈ പോര് സജി ചെറിയാനോ ശ്രീധരന്‍ പിള്ളയ്‌ക്കോ ഗുണം ചെയ്യുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.