കോണ്‍ഗ്രസ് മുന്നേറ്റത്തെ തടയാന്‍ ഒരു ശക്തിക്കുമാകില്ലെന്ന് വി.എം സുധീരന്‍

0
79

തിരുവനന്തപുരം: കോണ്‍ഗ്രസ് മുന്നേറ്റത്തെ തടയാന്‍ ഒരു ശക്തിക്കുമാകില്ലെന്ന് വി.എം സുധീരന്‍. ത്രിപുരയിലും നാഗാലാന്റിലും മേഘാലയയിലും നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രധാന്യവും പ്രസക്തിയും ചോര്‍ന്നുപോയി എന്ന് പ്രചരിപ്പിക്കാന്‍ ബിജെപി നേതൃത്വവും കേരളത്തിലെ സിപിഐഎം നേതാക്കളും പരസ്പരം മത്സരിക്കുന്ന വിചിത്രമായ സ്ഥിതി വിശേഷമാണുള്ളതെന്നും, വിശാല മനസ്സോടെ എല്ലാവരേയും ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞാല്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ മുന്നേറ്റത്തെ തടയാന്‍ ഒരു ശക്തിക്കുമാകില്ലെന്നും സുധീരന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

വി.എം സുധീരന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കോൺഗ്രസ് മുന്നേറ്റത്തെ തടയാൻ ഒരു ശക്തിക്കുമാകില്ല-

ത്രിപുരയിലും നാഗാലാന്‍ഡിലും മേഘാലയയിലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പു ഫലങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രാധാന്യവും പ്രസക്തിയും ചോര്‍ന്നു പോയി എന്ന് പ്രചരിപ്പിക്കാന്‍ ബിജെപി നേതൃത്വവും കേരളത്തിലെ സിപിഎം നേതാക്കളും പരസ്പരം മത്സരിക്കുന്ന വിചിത്രമായ സ്ഥിതിവിശേഷമാണ് കാണുന്നത്.
തീര്‍ച്ചയായും ത്രിപുരയില്‍ കോണ്‍ഗ്രസിനേറ്റ കനത്ത ആഘാതത്തെക്കുറിച്ച് കോണ്‍ഗ്രസ് നേതൃത്വം സത്യസന്ധമായ പരിശോധന നടത്തണം. പാളിച്ചകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്ന നിലയില്‍ തന്നെ തിരുത്തണം. സമയബന്ധിതമായ നിലയില്‍ പ്രവര്‍ത്തന പരിപാടികള്‍ നടപ്പിലാക്കാന്‍ കഴിയുന്ന ആത്മാര്‍ത്ഥതയുള്ള ഒരു നേതൃനിരയെയും അണികളെയും വാര്‍ത്തെടുക്കണം. ഈ നിലയിൽ മുന്നോട്ടുപോയാൽ അവിടെ ശക്തമായി തിരിച്ചുവരാൻ കോൺഗ്രസിനാകും. ചുരുങ്ങിയ സമയത്തിനുള്ളിൽ വ്യാപകമായ അക്രമങ്ങൾ നടത്തുക വഴി തങ്ങളെ വിജയിപ്പിച്ച ജനങ്ങളെ തന്നെ ബി.ജെ.പി. നിരാശരാക്കിയിരിക്കുകയാണ്. 
കേന്ദ്രത്തിലെ അധികാരം ഉപയോഗിച്ച് ഏറ്റവും വലിയ കക്ഷിയായ കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി സംസ്ഥാനഭരണം മേഘാലയയില്‍ പിടിച്ചെടുത്ത ‘മോഡി മോഡല്‍’ ജനാധിപത്യത്തിന് തീരാക്കളങ്കം ആണ് വരുത്തിയത്. ജനഹിതമല്ല കേന്ദ്രഭരണാധികാരം ആണ് മേഘാലയയില്‍ മേല്‍ക്കോയ്മ നേടിയത്.
ഗുജറാത്തില്‍ കോണ്‍ഗ്രസ് നേടിയ നേട്ടങ്ങളും രാജസ്ഥാനിലും മധ്യപ്രദേശിലും ഉപതിരഞ്ഞെടുപ്പുകളില്‍ നേടിയ തിളക്കമാര്‍ന്ന വിജയങ്ങളും തമസ്‌കരിച്ചുകൊണ്ടാണ് ബിജെപിയുടേയും സിപിഎമ്മിന്റെയും നേതാക്കള്‍ കോണ്‍ഗ്രസിനെ ഇകഴ്ത്തുന്നത്.
കര്‍ണാടകത്തിലും രാജസ്ഥാനിലും മധ്യപ്രദേശിലും നടക്കാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പ് ബിജെപി/ സിപിഎം നേതൃത്വത്തിന് കൃത്യമായ മറുപടിയാകും. കോണ്‍ഗ്രസിന്റെ ദേശീയ തലത്തിലുള്ള മുന്നേറ്റം പ്രകടമാക്കുന്ന ഒന്നായിരിക്കും അതെന്ന് നിസ്സംശയം പറയാം.
അഴിമതിക്കും വര്‍ഗീയതയ്ക്കും ഭീകരതയ്ക്കുമെതിരെ ദാരിദ്ര്യത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുക, ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും ഇന്ദിരാ ഗാന്ധിയുടെയും സാമ്പത്തിക നയങ്ങളിലേക്ക് മടങ്ങിപ്പോവുക ഇതിലൂടെ ജനം പ്രതീക്ഷിക്കുന്നതിനനുസരിച്ച് ഉയര്‍ന്ന് പ്രവര്‍ത്തിക്കാനും ജനകീയ അടിത്തറ കൂടുതല്‍ വിപുലമാക്കാനും കോൺഗ്രസിന് കഴിയും. കോര്‍പറേറ്റ് ഭീമന്‍മാരുടെയും വര്‍ഗ്ഗീയ കോമരങ്ങളുടെയും നീരാളി പിടുത്തത്തില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ ഉള്ള നേതൃപരമായ ദൗത്യം വിജയകരമായി മുന്നോട്ടു കൊണ്ടുപോകാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ.
ഇതിന് കോണ്‍ഗ്രസിനെ തികച്ചും പ്രാപ്തമാക്കുന്നതിന് ആവശ്യമായ തിരുത്തല്‍ നടപടികള്‍ ഉചിതമായ തലങ്ങളില്‍ നടപ്പിലാക്കിയാല്‍ കോണ്‍ഗ്രസ് അജയ്യ ശക്തിയായി മാറുമെന്നത് യാഥാര്‍ത്ഥ്യമാണ്.
സംസ്ഥാനത്താകട്ടെ ഇടതുമുന്നണി ഭരണം സമ്പൂര്‍ണ പരാജയമാണ്. ഭരണ തകര്‍ച്ച ഉണ്ടെങ്കിലും ഭരണ നേതൃത്വം വഹിക്കുന്ന സിപിഎമ്മിന്റെ സുശക്തമായ സംഘടന സംവിധാനത്തിലൂടെയാണ് അവര്‍ പിടിച്ചുനില്‍ക്കുന്നത്. ക്രിമിനല്‍/കില്ലര്‍ രാജ് നിലനില്‍ക്കുന്ന സംസ്ഥാനമാക്കി കേരളത്തെ സിപിഎം നേതൃത്വം മാറ്റി. നരേന്ദ്രമോഡിയുടെ ഭരണകൂടത്തിന്‍ കീഴില്‍ വളര്‍ന്നുവരുന്ന അതിക്രമങ്ങളും അസഹിഷ്ണുതയും മനുഷ്യാവകാശം ലംഘനങ്ങളും അതേപടി പിണറായി വിജയന്‍ നേതൃത്വം കൊടുക്കുന്ന ഭരണത്തിലും ആവര്‍ത്തിക്കുന്നു എന്ന യാഥാര്‍ഥ്യം ആര്‍ക്കും നിഷേധിക്കാനാവില്ല.
മനുഷ്യനും മനുഷ്യത്വത്തിനു തെല്ലും വിലകല്‍പ്പിക്കാതെ മനുഷ്യ കശാപ്പ് നടത്തുന്നതും ഇഷ്ടമില്ലാത്തവരെ വകവരുത്തുന്നതുമായ ക്രിമിനല്‍ പ്രവര്‍ത്തനശൈലിയുടെ ഉടമകളായി സിപിഎം നേതൃത്വം മാറി. ഒരേ ശൈലിയുമായി പോകുന്ന ബിജെപിയും സിപിഎമ്മും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്.
പരസ്പരം ആളെ കൊല്ലുമ്പോഴും കോണ്‍ഗ്രസിനെതിരെ ഇവര്‍ക്കുള്ള പൊതു ശത്രുത രണ്ടുകൂട്ടരെയും ബന്ധിപ്പിക്കുന്ന ഘടകമാണ്.
ബിജെപിയുടെ കോര്‍പറേറ്റ് പ്രീണന നയം തന്നെയാണ് തന്റെ മുതലാളിത്തപക്ഷ നിലപാടുകളിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുടരുന്നത്.
കോവളം കൊട്ടാരം സ്വകാര്യ ഗ്രൂപ്പിന് നല്‍കിയതും വന്‍കിട ഭൂമി കയ്യേറ്റം മാഫിയക്ക് അനുകൂലമായ നിലപാട് എടുക്കുന്നതും മദ്യമുതലാളിമാര്‍ക്ക് സൈ്വര്യ വിഹാരത്തിന് അവസരമൊരുക്കുന്നതും സ്വാശ്രയ കൊള്ളക്കാര്‍ക്ക് സംരക്ഷണം നൽകുന്നതും പിവി അന്‍വര്‍, തോമസ് ചാണ്ടി, ജോയ്‌സ് ജോര്‍ജ് എന്നിവരുടെ നിയമ ലംഘനങ്ങള്‍ക്ക് രക്ഷാകവചം ഒരുക്കുന്നതുമെല്ലാം കേരളം കണ്ടു കൊണ്ടിരിക്കുകയാണല്ലോ. അക്രമകാരികളും ജനദ്രോഹ കാര്യത്തില്‍ ഒരേ നിലപാട് സ്വീകരിക്കുന്നവരുമായ സിപിഎം-ബിജെപി ദ്വയങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തി മനുഷ്യാവകാശ സംരക്ഷണവും പുരോഗതിയും ഉറപ്പുവരുത്താന്‍ കഴിയുന്നത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഐക്യ ജനാധിപത്യ മുന്നണിക്ക് ആണ്.
കോണ്‍ഗ്രസിനെ സര്‍വ്വ തലത്തിലും ശക്തിപ്പെടുത്തി മുന്നോട്ട് പോകുക എന്ന പ്രധാന ദൗത്യമാണ് കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വത്തിനുള്ളത്.
മുകള്‍ത്തട്ട് മുതല്‍ താഴെ തട്ട് വരെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും യോജിച്ച പ്രവര്‍ത്തനം ആണ് ഇക്കാര്യത്തില്‍ അനിവാര്യമായിട്ടുള്ളത്.
ജനപ്രിയനായ ഷുഹൈബ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കേരളം ഒരിക്കലും കണ്ടിട്ടില്ലാത്ത അത്രയും ശക്തമായ പ്രതിഷേധവികാരം ഉയര്‍ന്നു വന്നത് കോണ്‍ഗ്രസ് നേതൃത്വവും പ്രവര്‍ത്തകരും ഒരേ മനസോടെ മുന്നോട്ടുപോയതിനാലാണ്. ഗാന്ധിയന്‍ പാതയില്‍ ശ്രീ. കെ. സുധാകരനും യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഡീന്‍ കുര്യാക്കോസും സി.ആര്‍ മഹേഷും നടത്തിയ നിരാഹാര സമരത്തിന വമ്പിച്ച ജനപിന്തുണ ആര്‍ജ്ജിക്കാനായതും അതുകൊണ്ട് തന്നെയാണ്. ഈ ജനകീയസമരങ്ങളില്‍ പ്രകടമായ അഭൂതപൂര്‍വ്വമായ ജനവികാരത്തിന് മുന്നില്‍ സി.പി.എം. പ്രതിരോധിക്കാനാകാതെ പരുങ്ങി നില്‍ക്കുന്നതും കാണാനിടയായി.
ദേശീയ തലത്തില്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വം പുതിയ പ്രതീക്ഷകളാണ് നല്‍കുന്നത്.
അതിനോട് ചേര്‍ന്നു നിന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ പുനസംഘടന പ്രക്രിയ സുതാര്യമായും സുഗമമായും മുന്നോട്ടു കൊണ്ടുപോയ തീരൂ.
കേരളത്തിലെ ഗ്രൂപ്പ് അതിപ്രസരം ഇതിനെല്ലാം വിഘാതമായി മാറാതിരിക്കണം. പുനസംഘടന എന്നാല്‍ പദവികള്‍ ഒക്കെ ഗ്രൂപ്പടിസ്ഥാനത്തില്‍ പങ്കുവെക്കലാകരുത്. അങ്ങനെ വരുന്നത് കോണ്‍ഗ്രസിനെ ദുര്‍ബലമാക്കും. അതിനവസരം നല്‍കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
‘ആദ്യം ഗ്രൂപ്പ് പിന്നെ പാര്‍ട്ടി’ എന്ന സമീപനം ഒരിക്കലും ഉണ്ടാകരുത്. പാര്‍ട്ടിക്കും ജനഹിതത്തിനും മാത്രം പ്രാധാന്യം കല്‍പ്പിക്കുന്ന സ്ഥിതിയാണ് ആദ്യാവസാനം ഉണ്ടാകേണ്ടത്. സംഘടനാപരമായ നീതി സര്‍വതലത്തിലും ഉറപ്പുവരുത്താന്‍ നേതൃതലത്തിലുള്ളവർ തികഞ്ഞ ജാഗ്രത പാലിക്കണം. നീതി നിഷേധിക്കപ്പെട്ടു എന്ന തോന്നൽ ഒരാൾക്ക് പോലും ഉണ്ടാകരുത്. 
വിശാല മനസ്സോടെ എല്ലാവരെയും ഒന്നായി കണ്ട് ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞാല്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ മുന്നേറ്റത്തെ തടയാന്‍ ഒരു ശക്തിക്കുമാകില്ല.