ടി.പി ചന്ദ്രശേഖരന്‍ പാര്‍ട്ടി വിരുദ്ധനായിരുന്നില്ല; കോടിയേരി ബാലകൃഷ്ണന്‍

0
83

കണ്ണൂര്‍: ആര്‍എംപി നേതാവ് ടി.പി ചന്ദ്രശേഖരന്‍ പാര്‍ട്ടി വിരുദ്ധനായിരുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രശ്‌നം തീര്‍ന്നാല്‍ സിപിഎമ്മുമായി അടുക്കാന്‍ ചന്ദ്രശേഖരന്‍ ആഗ്രഹിച്ചിരുന്നെന്നും സിപിഎം നശിക്കണമെന്ന് ടി.പി യ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ലെന്നും കോടിയേരി പറഞ്ഞു. ആര്‍എംപിയെ കോണ്‍ഗ്രസ് കൂടാരത്തിലെത്തിക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. ഇന്ന് ആര്‍എംപി കെ.കെ രമയുടെ മാത്രം പാര്‍ട്ടിയായി ചുരുങ്ങിയെന്നും കോടിയേരി പറഞ്ഞു.

2012 മെയ് നാലിനാണ് ആര്‍എംപി നേതാവായ ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. സിപിഎം പ്രവര്‍ത്തകനായിരുന്ന ടി.പി പാര്‍ട്ടിയുമായി തെറ്റിപ്പിരിഞ്ഞാണ് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി (ആര്‍എംപി) രൂപീകരിച്ചത്.

ടി.പി ചന്ദ്രശേഖരന്‍ വധശ്രമ ഗൂഢാലോചനക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ കഴിഞ്ഞ മാസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. സമാനമായ രണ്ട് പരാതികളില്‍ നേരത്തേ അന്വേഷണം നടത്തിയിട്ടുണ്ട്. എന്നാല്‍, അന്ന് പല കാരണങ്ങള്‍ പറഞ്ഞ് സിബിഐ അത് നിഷേധിച്ചിരുന്നെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്.