തോക്ക് ഉപയോഗിച്ചുകൊണ്ട് സെല്‍ഫിയെടുത്ത യുവാവ് മരിച്ചു; ബന്ധു അറസ്റ്റില്‍

0
60

ന്യൂഡല്‍ഹി: തോക്ക് ഉപയോഗിച്ചുകൊണ്ട് സെല്‍ഫി എടുക്കന്നതിനിടെ യുവാവ് മരിച്ചു. ഡല്‍ഹിയിലെ സരിതാ വിഹാറിലാണ് സംഭവം. പ്രശാന്ത് ചൗഹാന്‍ (23) എന്ന യുവാവാണ് തിര നിറച്ച തോക്കുപയോഗിച്ചു സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടയില്‍ വെടിയേറ്റു മരിച്ചത്. പ്രശാന്തിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത പ്രായപൂര്‍ത്തിയാകാത്ത ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പതിനേഴുകാരനായ ബന്ധുവാണു തോക്കിന്റെ ട്രിഗര്‍ വലിച്ചത്.

ആശുപത്രി അധികൃതരാണ് വിവരം പൊലീസില്‍ അറിയിച്ചത്. പൊലീസ് അറസ്റ്റ് ചെയ്ത കൗമാരക്കാരന്റെ പിതാവ് പ്രമോദ് ചൗഹാന്റെ പേരിലാണു തോക്കിന്റെ ലൈസന്‍സ്. സംഭവം നടക്കുമ്പോള്‍ പ്രമോദ് വീട്ടിലില്ലായിരുന്നു.

പതിനേഴുകാരനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തതായി സൗത്ത് ഈസ്റ്റ് ഡിസിപി ചിന്‍മയ് ബിസ്വാള്‍ പറഞ്ഞു. തോക്ക് അശ്രദ്ധമായി കൈകാര്യം ചെയ്ത പ്രമോദിന്റെ നടപടിയും പൊലീസ് പരിശോധിക്കുന്നുണ്ട്. തോക്കും തിരകളും പൊലീസ് പിടിച്ചെടുത്തു.