ദേശീയ മൈതാനിയിലെ പക്ഷിസങ്കേതമായ ആല്‍മരങ്ങളെ നശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കോടതി

0
67

ആലത്തൂര്‍: ദേശീയ മൈതാനിയിലെ പക്ഷിസങ്കേതമായ ആല്‍മരങ്ങളെ നശിപ്പിക്കുന്ന വിധമുള്ള പ്രവര്‍ത്തികള്‍ തടഞ്ഞ് ആലത്തൂര്‍ മുന്‍സിഫ് കോടതി. മൈതാനിയിലെ പക്ഷിസങ്കേതമായ ആല്‍മരങ്ങള്‍ നശിപ്പിക്കുരുതെന്നും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പരിസ്ഥിതി സംഘടന എംഎല്‍എ യ്ക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. എംഎല്‍എ ഫണ്ടില്‍ നിന്ന് 20 ലക്ഷം ചെലവഴിച്ച് ദേശീയ മൈതാനിയില്‍ ഓപ്പണ്‍ ഓഡിറ്റോറിയം നിര്‍മിക്കുകയാണ്. ജില്ലാ നിര്‍മിതി കേന്ദ്രത്തിനാണ് നിര്‍മാണ ചുമതല. മരത്തിന്റെ ഒരു ഭാഗവും മുറിക്കാതെയുള്ള നിര്‍മാണം മാത്രമേ നടത്തുകയുള്ളു എന്ന് എംഎല്‍എ ഉറപ്പ് നല്‍കിയിരുന്നു. അത് ലംഘിച്ചുകൊണ്ടാണ് ആയിരകണക്കിന് പക്ഷികള്‍ അധിവസിക്കുന്ന മൈതാനിയിയിലെ ആല്‍മരങ്ങളുടെ വലിയ കൊമ്പുകള്‍ കുറച്ച് ദിവസം മുമ്പ് അര്‍ധരാത്രി ആരുമറിയാതെ വെട്ടിമാറ്റിയത്. ഈ പ്രവൃത്തിയാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും പ്രതിഷേധത്തിനിടയാക്കിയത്.

റവന്യൂ പുറമ്പോക്കാണ് ദേശീയ മൈതാനം. അവിടുത്തെ ആല്‍മരങ്ങളുടെ തണലില്‍ പകല്‍ വാഹനങ്ങള്‍നിര്‍ത്തുകയും, ആളുകള്‍ വിശ്രമിക്കുകയും ചെയ്യുന്നു. രാത്രിയായാല്‍ ആയിരകണക്കിന് പക്ഷികളുടെ ആവാസ കേന്ദ്രവുമാണ് മൈതാനം. ആലത്തൂര്‍ താലൂക്കാശുപത്രിയിലേക്കും, ഗവ.ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലേക്കുമുള്ള റോഡും മൈതാനത്തിന്റെ വശത്തുകൂടിയാണ്. കോടതി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫീസുകളുടെ സമീപത്താണ് മൈതാനമെന്നതിനാല്‍ ഉച്ചഭാഷിണി ഉപയോഗിച്ചുള്ള പൊതുപരിപാടികള്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ ഈ ഭാഗത്ത് കോടതി നിരോധിച്ചിട്ടുള്ളതാണ്. അങ്ങനെ ഉള്ളൊരു സ്ഥലത്ത് എന്തിനാണ് സ്റ്റേഡിയമെന്ന ചോദ്യവും ഉയര്‍ന്നിരുന്നു. മൈതാനം നിലവിലുള്ള രീതിയില്‍ ഉപയോഗിക്കുന്നതിന് ഒരുവിഷമവുമില്ലെന്നിരിക്കെ നിര്‍മാണ പ്രവൃത്തികള്‍ എന്തിനെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചോദിക്കുന്നത്.

മരത്തിന്റെ ഭാഗങ്ങള്‍ മുറിച്ചതിലൂടെ പക്ഷികളുടെ ആവാസ കേന്ദ്രം തകരുകയായിരുന്നു. റവന്യൂപുറമ്പോക്ക് സംരക്ഷിക്കണമെന്നും റവന്യൂ – വനം അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ആലത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2018 ജനുവരി 16 ലെ എ 3 -270/18 നമ്പര്‍ ഉത്തരവ് പ്രകാരം പദ്ധതി നിര്‍വ്വഹണത്തിന്റെ ഭാഗമായാണ് ആല്‍മരത്തിന്റെ ശാഖകള്‍ മുറിച്ച് മാറ്റിയതെന്ന മറുപടിയാണ് നിര്‍മ്മിതികേന്ദ്രയുടെ ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ നല്‍കിയത്. റവന്യൂ പുറമ്പോക്കില്‍ പഞ്ചായത്തിന് നിര്‍മാണം നടത്താന്‍ എന്തവകാശമാണുള്ളതെന്ന ചോദ്യം ഇതോടെ ഉയര്‍ന്നു. ഇതിനെ തുടര്‍ന്നാണ് ആലത്തൂരിലെ ഭാരത് സേവക് സമാജ് പ്രകൃതി പഠന സംരക്ഷണ കൗണ്‍സില്‍ എന്ന സംഘടന ആലത്തൂര്‍ മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ആല്‍മരത്തിന് കോട്ടം തട്ടുന്ന രീതിയില്‍ യാതൊരു നിര്‍മ്മാണ പ്രവര്‍ത്തിയും നടത്തരുതെന്ന് നിര്‍ദ്ദേശിച്ചും നിലവിലെ സ്ഥിതി മനസിലാക്കാന്‍ കമ്മിഷനെ നിയോഗിച്ചുമാണ് ആലത്തൂര്‍ മുന്‍സിഫ് കോടതിയുടെ ഇടക്കാല ഉത്തരവ്.