ഭൂവിവാദം: ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കാത്ത പൊലീസ് നടപടിക്കെതിരെ വൈദിക സമിതി

0
49

കൊച്ചി: സീറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കാതെ പൊലീസ്. വിധി വന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും കര്‍ദിനാളിനെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. കേസ് എടുക്കുന്നത് സംബന്ധിച്ച് എ.ജിയുടെ നിയമോപദേശം തേടിയിരിക്കുകയാണ് പൊലീസ്. ഇത് ലഭിച്ചശേഷം മാത്രം ഇക്കാര്യത്തില്‍ മുന്നോട്ട് പോയാല്‍ മതിയെന്ന നിലപാടിലാണ് പൊലീസ്. പൊലീസിന്റെ നടപടിക്കെതിരെ വൈദികസമിതി രംഗത്തെത്തിയിട്ടുണ്ട്. കര്‍ദിനാളിനെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിക്കുമെന്നും വിമതവിഭാഗം വൈദികര്‍ വ്യക്തമാക്കി.

ഫെബ്രുവരി ആറിനാണ് കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരെ കേസെടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. ചേര്‍ത്തല സ്വദേശി സിജു വര്‍ഗീസിന്റെ ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്. എന്നാല്‍ കോടതി ഉത്തരവനുസരിച്ച് കേസെടുക്കുന്നതിന് പകരം എ.ജിയുടെ നിയമോപദേശം തേടുകയാണ് പൊലീസ് ചെയ്തത്. പൊലീസിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നതാണ് നടപടിയെന്ന് വൈദികസമിതി അഭിപ്രായപ്പെട്ടു. ശനി, ഞായര്‍ ദിവസങ്ങള്‍ അവധിയാണ്. തിങ്കളാഴ്ച മാത്രമെ എ.ജിയുടെ നിയമോപദേശം ലഭിക്കുകയുള്ളൂ. അതുവരെ കര്‍ദിനാളിന് സാവകാശം നല്‍കുകയാണ് പൊലീസ്. ഇത് കര്‍ദിനാളിന് സുപ്രീം കോടതിയെ സമീപിക്കാന്‍ അവസരം ഒരുക്കാനാണെന്ന് വൈദികര്‍ ആരോപിക്കുന്നു. ഹൈക്കോടതി ഉത്തരവില്‍ എന്ത് വ്യക്തതയാണ് ഇനി വേണ്ടതെന്നാണ് വൈദികര്‍ ചോദിക്കുന്നത്.

കര്‍ദിനാളിനെതിരായ വൈദികസമിതിയുടെ പ്രതിഷേധം കഴിഞ്ഞ ദിവസം തെരുവിലേക്ക് എത്തിയിരുന്നു. സഭയുടെ ചരിത്രത്തില്‍ തന്നെ രണ്ടാമത്തെ സംഭവമാണിത്. കര്‍ദിനാള്‍ സ്ഥാനം ഒഴിഞ്ഞ് അന്വേഷണം നേരിടണമെന്ന് ഇരുനൂറോളം വൈദികര്‍ ആവശ്യപ്പെട്ടു. നേരത്തെ നിരവധി തവണ ഈ ആവശ്യം വൈദികസമിതി യോഗങ്ങളില്‍ ഉയര്‍ത്തിയിരുന്നെങ്കിലും പരസ്യപ്രതിഷേധം ഇത് ആദ്യമാണ്. ബസലിക്കയില്‍ നിന്ന് മേജര്‍ ആര്‍ച് ബിഷപ്പിന്റെ ആസ്ഥാനത്തേക്ക് വൈദികര്‍ പ്രകടനമായെത്തി. തങ്ങളുടെ ആവശ്യം ഉന്നയിച്ച് വൈദികര്‍ സഹായമെത്രാന്‍ മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്തിന് നിവേദനം സമര്‍പ്പിച്ചു. വിവരം സിനഡിനെയും മാര്‍പാപ്പയെയും അറിയിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച രാവിലെ എറണാകുളം ബസലിക്കയില്‍ യോഗം ചേര്‍ന്ന ശേഷമായിരുന്നു വൈദികര്‍ ബിഷപ്പിന്റെ ആസ്ഥാനത്തെത്തിയത്.