മത്സ്യത്തൊഴിലാളികള്‍ക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; അടുത്ത 36 മണിക്കൂര്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം

0
102

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍ കന്യാകുമാരി വരെ തെക്കന്‍ തീരത്ത് കനത്ത കാറ്റിന് സാധ്യതയുണ്ടെന്നാണ് നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ശ്രീലങ്ക-തമിഴ്‌നാട് തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദം ഞായറാഴ്ച ശക്തിയാര്‍ജിച്ച് പടിഞ്ഞാറേക്ക് നീങ്ങും.

കാറ്റിന്റെ വേഗം മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെയാകാമെന്നും അറിയിപ്പുണ്ട്. അടുത്ത 36 മണിക്കൂര്‍ ഈ മേഖലയില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കന്യാകുമാരിക്ക് തെക്ക് ഒരു ന്യൂനമര്‍ദം രൂപപ്പെടുന്നുണ്ട്. നിലവിലെ പ്രവചനം പ്രകാരം പടിഞ്ഞാറന്‍ ദിശയില്‍ ലക്ഷദ്വീപിന് സമീപത്തേക്ക് അതു നീങ്ങുകയും ശക്തിപ്പെടുകയും ചെയ്യും. ഈ ന്യൂനമര്‍ദപാത്തിയുടെ നേരിട്ടുള്ള സ്വാധീന മേഖലയില്‍ കേരളത്തില്‍ നിന്ന് മത്സ്യബന്ധനത്തിന് പോകുന്ന കന്യാകുമാരി മേഖല, ശ്രീലങ്ക, ലക്ഷദ്വീപ്, തിരുവനന്തപുരം തീരം എന്നിവിടങ്ങളും ഉള്‍പ്പെടും. ഈ സാഹചര്യത്തില്‍ അടുത്ത 36 മണിക്കൂര്‍ കന്യാകുമാരി ഉള്‍ക്കടല്‍, ശ്രീലങ്ക ഉള്‍ക്കടല്‍, ലക്ഷദ്വീപ് ഉള്‍ക്കടല്‍, തിരുവനന്തപുരം ഉള്‍ക്കടല്‍ എന്നീ തെക്കന്‍ ഇന്ത്യന്‍ മേഖലയില്‍ മത്സ്യബന്ധനം നടത്തരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഏതാനും മാസം മുമ്പ് സംസ്ഥാനത്ത് ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റില്‍ ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. കടലില്‍ കാണാതായ നൂറോളം പേരുടെ വിവരങ്ങള്‍ ഇനിയും ലഭിക്കാനുണ്ട്. ഓഖി ആഞ്ഞടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനം ശക്തിപ്പെടുത്താനുള്ള നടപടികളും സര്‍ക്കാര്‍ ശക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടാണ് ഇപ്പോള്‍ ശക്തമായ കാറ്റ് സംബന്ധിച്ച മുന്നറിയിപ്പ് ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിരിക്കുന്നത്.