മനോരമ വാര്‍ത്തയെ പിച്ചിചീന്തി ഷെയ്ക്‌ പി ഹാരിസ് ; ജെഡിയു ആവശ്യപ്പെട്ടത് ഘടകകക്ഷി സ്ഥാനം; രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടിട്ടില്ല

0
396

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: ജെഡിയു ഇടതുമുന്നണിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു ഇടതുമുന്നണിക്ക് കത്ത് നല്‍കി എന്ന മലയാള മനോരമ വാര്‍ത്തയെ പിച്ചിചീന്തി ജെഡിയു സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ക്‌ പി ഹാരിസ് രംഗത്ത്.

ഇടതുമുന്നണിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കണം എന്നല്ല ജെഡിയുവിനെ ഇടതുമുന്നണി ഘടകകക്ഷിയാക്കണമെന്ന് വ്യക്തമാക്കിയാണ് കത്ത് നല്‍കിയത് – ഷെയ്ക്‌ പി ഹാരിസ് 24 കേരളയോട് പറഞ്ഞു.

കത്ത് നല്‍കിയത് താന്‍ നേരിട്ടാണ്. സിപിഎം സമ്മേളനത്തിന്റെ സമയത്താണ് കത്ത് നല്‍കുന്നത്. വൈക്കം വിശ്വന്‍, കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍ എന്നിവര്‍ക്കാണ് കത്ത് നല്‍കിയത്. ഇവരെ ഫോണില്‍ വിളിച്ച് പറഞ്ഞിട്ട് ഓഫീസില്‍ എത്തിക്കുകയാണ് ഉണ്ടായത്.

ഇടതുമുന്നണിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കണമെന്ന അഭ്യര്‍ത്ഥനയൊന്നും കത്തിലില്ല. ഘടകകക്ഷിയാക്കണം എന്നാണ് കത്തില്‍ എഴുതിയത്. രാജ്യസഭാ സീറ്റിന്റെ കാര്യം ജെഡിയു എഴുതിയ കത്തിലില്ല. രാജ്യസഭാ സീറ്റ് ജെഡിയു ചോദിച്ചിട്ടില്ല. പിന്നെ എങ്ങിനെ കത്ത് ഉദ്ധരിച്ച്‌ നല്‍കിയ വാര്‍ത്ത ശരിയാകും? – ഷെയ്ക്‌ പി ഹാരിസ് ചോദിക്കുന്നു.

ഘടകക്ഷിയാകും മുന്‍പ് ജെഡിയു എങ്ങിനെ രാജ്യസഭാ സീറ്റ് ചോദിക്കും? മനോരമ വാര്‍ത്ത വാസ്തവവിരുദ്ധമാണ് – ഷെയ്ക്‌ പി ഹാരിസ് പറഞ്ഞു. കേരളത്തിലെ ജനതാദള്‍ സെക്യുലറിനു ജെഡിയുവുമായി യോജിക്കണമെന്നു ആഗ്രഹമുണ്ട്. ഇതിനു പിന്നില്‍ കേരളത്തിലെ ജനതാദള്‍ രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രശ്നങ്ങളുണ്ട്‌. ഇടതുമുന്നണിയിലേയ്ക്ക്‌ ജെഡിയു വന്നാല്‍ ജനതാദള്‍ (എസ്) അപ്രസക്തമാകുമോ എന്ന ഭയമാണ് അതിലൊന്ന്.

മലബാര്‍ ഒക്കെ പരിഗണിച്ചാല്‍ ജെഡിയു ആണ് പ്രബല കക്ഷി. ഇത് സിപിഎമ്മിന് അറിയാം. വേറൊരു കാര്യം കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വരികയാണ്.  അവിടെ ജനതാദള്‍ സെക്യുലര്‍ ബിജെപിയുമായി സഖ്യം ഉണ്ടാക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. അങ്ങിനെ വന്നാല്‍ കേരളത്തിലെ ജനതാദള്‍ സെക്യുലര്‍ വെട്ടിലാകും. അത് ജെഡിയുവിനും പ്രയാസം സൃഷ്ടിക്കും. ഇതിലൊന്നും വ്യക്തത വരുത്താതെ ജെഡിയുവുമായി ഒരു ലയന നീക്കവും നടത്താനാകില്ല.

ജെഡിയു-ജനതാദള്‍ സെക്യുലര്‍ ലയനം ദേശീയ തലത്തില്‍ കൈകാര്യം ചെയ്യേണ്ട പ്രശ്നമാണ്. രണ്ടു ജനതാദള്‍ പാര്‍ട്ടികളാണ്‌ നിലവിലുള്ളത്. കേരളത്തിലെ ദള്‍ യോജിപ്പിന്റെ കാര്യം, ലയനത്തിന്റെ കാര്യം ഇവിടെ ചര്‍ച്ച ചെയ്യാന്‍ കഴിയില്ല.

ഇന്നലെ ഇടതുമുന്നണി യോഗം കഴിഞ്ഞ ഉടന്‍ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ജെഡിയു പ്രസിഡന്റ് വീരേന്ദ്രകുമാറിനെ ബന്ധപ്പെട്ടിരുന്നു. രാജ്യസഭാ സീറ്റിനു പെട്ടെന്ന് ആണ് വിജ്ഞാപനം വന്നത്. അതുകൊണ്ടാണ് തിരക്കിട്ട് എല്‍ഡിഎഫ് യോഗം വിളിച്ചത്.

തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമാണ്. ഇടതുമുന്നണി പ്രവേശനം കാത്ത് നിരവധി കക്ഷികള്‍ പുറത്ത് നില്‍ക്കുന്നുണ്ട്. ഇതില്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസും ഐഎന്‍എല്‍ പോലുമുണ്ട്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് അടുത്തു വരാനിരിക്കുന്നു. ഈ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞുമാത്രമേ ജെഡിയുവിന്റെ ഇടത് മുന്നണി പ്രവേശനം യാഥാര്‍ത്ഥ്യമാകൂ – ഷെയ്ക്‌ പി ഹാരിസ് പറഞ്ഞു.