‘രാഷ്ട്രീയ ഗുരുവിന് ശിഷ്യന്റെ ദക്ഷിണ’: കൈകൂപ്പി നിന്ന അദ്വാനിയെ തിരിഞ്ഞ് നോക്കാതെ മോദി

0
106

ന്യൂഡല്‍ഹി: ബിജെപിയുടെ മുതിര്‍ന്ന നേതാവും രാഷ്ട്രീയ ഗുരുവുമായ എല്‍.കെ.അദ്വാനിയെ പൊതുവേദിയില്‍വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അപമാനിച്ചെന്ന് ആരോപണം. തിപുര മുഖ്യമന്ത്രിയായി ബിപ്ലവ് കുമാര്‍ ദേവ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിനിടെയാണ് വിവാദം.

സത്യപ്രതിജ്ഞാ വേദിയിലേക്കു കയറിവന്ന പ്രധാനമന്ത്രിയെ എല്ലാവരും എഴുന്നേറ്റ് നിന്ന് കൈകൂപ്പി അഭിവാദ്യം ചെയ്തു. ഓരോരുത്തരെയായി അഭിവാദ്യം ചെയ്ത മോദി അദ്വാനിയെ കണ്ടില്ലെന്നു നടിച്ച് നടന്നു പോകുകയായിരുന്നു. കൂടാതെ വേദിയില്‍ അദ്വാനിക്കു സമീപമുണ്ടായിരുന്ന മുന്‍ ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരിനോടു മോദി ദീര്‍ഘനേരം സംഭാഷണത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.

സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെ മോദിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. ‘രാഷ്ട്രീയ ഗുരുവിനു ശിഷ്യന്റെ ദക്ഷിണ’ എന്ന പേരില്‍ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ബിജെപി അധ്യക്ഷന്‍ അമിത് ഷാ, മുരളി മനോഹര്‍ ജോഷി, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്ത വേദിയിലാണ് സംഭവം.

തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സഹകരണത്തിന്റെ ഭാഷയിലായിരുന്നു വേദിയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം. സിപിഎമ്മിനെ പ്രതിനിധീകരിച്ചു മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ മാത്രമേ ചടങ്ങില്‍ പങ്കെടുത്തിരുന്നുള്ളൂ.