സംഭാവന കിട്ടിയ പണം കൊണ്ട് ഷോപ്പിങ്; മൗറീഷ്യസ് പ്രസിഡന്റ് രാജിക്കൊരുങ്ങുന്നു

0
82

ലാഗോസ് (നൈജീരിയ): സാമ്പത്തിക ക്രമക്കേട് ആരോപണത്തെ തുടര്‍ന്ന് വിവാദത്തിലായ മൗറീഷ്യസിലെ ആദ്യ വനിതാ പ്രസിഡന്റ് അമീന ഗുരീബ് ഫക്കീം രാജിക്കൊരുങ്ങുന്നു. പ്രസിഡന്റ് അടുത്തയാഴ്ച്ച രാജിവെക്കുമെന്ന് പ്രധാനമന്ത്രി പ്രവിന്ത് ജുഗ്‌നൗത്താണ് അറിയിച്ചു. രാജ്യത്തിന്റെ 50-ാം വാര്‍ഷിക ആഘോഷങ്ങള്‍ക്കുശേഷം ഈ മാസം 12-ന് അമീന രാജിവയ്ക്കുമെന്നാണു പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്.

ലണ്ടന്‍ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ നോണ്‍-ഗവണ്‍മെന്റല്‍ ഓഗര്‍ഗനൈസേഷന്‍ എന്ന സന്നദ്ധസംഘടന മൗറീഷ്യസില്‍ സേവനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നല്‍കിയ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങിയെന്നാണ് അമീനയ്ക്കെതിരായ ആരോപണം. 2016-ല്‍ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ ഒരു പ്രാദേശിക ചാനല്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍, താന്‍ അനധികൃതമായി ഒന്നും ചെയ്തിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു അമീന.

വിവാദത്തെ തുടര്‍ന്ന് എതിര്‍പ്പ് ശക്തമായതോടെയാണ് സ്ഥാനമൊഴിയാന്‍ സന്നദ്ധയാണെന്ന് അമീന അറിയിച്ചത്. മൗറീഷ്യസിന്റെ അമ്പതാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് ശേഷം ഈ മാസം 12-ന് സ്ഥാനമൊഴിയുമെന്നാണ് വിവരം.

ഇറ്റലിയിലും ദുബായിയിലുമായി പ്രസിഡന്റ് വന്‍ തുക ചെലവഴിച്ച് ഷോപ്പിംഗ് നടത്തിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 2015-ലാണ് മൗറീഷ്യസിന്റെ ആദ്യ വനിതാ പ്രസിഡന്റായി അമീന ഫക്കീം സ്ഥാനമേറ്റത്.