സര്‍ക്കാരിന്റെ അനുമതിയില്ലാതെ സ്‌കൂള്‍ കുട്ടികളെ പങ്കെടുപ്പിച്ച് നടത്തുന്ന മത്സരപരീക്ഷകള്‍ക്ക് വിലക്ക്

0
62

 

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിന്റെയോ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയോ അനുമതിയില്ലാതെ സ്‌കൂള്‍ കുട്ടികളെ പങ്കെടുപ്പിച്ച് നടത്തുന്ന മത്സരപരീക്ഷകള്‍ക്ക് ഇനി വിലക്ക്. ഇത്ചൂണ്ടികാട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. സ്വകാര്യ സ്ഥാപനങ്ങള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവ നടത്തുന്ന അനുമതിയില്ലാത്ത മത്സരപരീക്ഷകള്‍ക്കാണ് വിലക്ക്.

2017-18 വര്‍ഷത്തെ സ്‌കൂള്‍ വാര്‍ഷിക പരീക്ഷകള്‍ മാര്‍ച്ച് 31-നകം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നു കാണിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് സര്‍ക്കുലര്‍ നല്‍കിയത്.മത്സരപ്പരീക്ഷകളുടെ പേരില്‍ കുട്ടികളില്‍നിന്ന് അനധികൃത പണപ്പിരിവ് നടത്തുന്നില്ലെന്ന് സബ്ജില്ല, വിദ്യാഭ്യാസജില്ല, റവന്യൂജില്ല വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഉറപ്പുവരുത്തണം. മത്സരപ്പരീക്ഷകളുടെ ആവശ്യങ്ങള്‍ക്കുവേണ്ടി ഒരു പണപ്പിരിവും നടത്താന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. ക്വിസ് മത്സരങ്ങള്‍, രചനാ മത്സരങ്ങള്‍, പെയിന്റിങ്/ചിത്രകല, സ്വകാര്യ സ്‌കോളര്‍ഷിപ്പ് പരീക്ഷകള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും.

അടുത്ത അധ്യയന വര്‍ഷം മുന്നില്‍ക്കണ്ട് സ്വകാര്യ, സമാന്തര പഠന കേന്ദ്രങ്ങള്‍ നടത്തുന്ന ഏതെങ്കിലും തരത്തിലുള്ള ക്യാമ്പുകള്‍, പരിശീലന പരിപാടികള്‍ എന്നിവയ്ക്കു വേണ്ടി കുട്ടികളുടെ വിലാസം ഫോണ്‍, നമ്പര്‍ തുടങ്ങിയവ കൈമാറാന്‍ പാടില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പാരലല്‍ ട്യൂട്ടോറിയലുകളുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍, പോസ്റ്ററുകള്‍ സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യങ്ങള്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ പ്രദര്‍ശിപ്പിക്കുകയോ വിതരണം ചെയ്യുകയോ പാടില്ലെന്നും ഇതിന് എ.ഇ.ഒ ബന്ധപ്പെട്ട സ്‌കൂള്‍ അധ്യാപകര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.