സിറോ മലബാര്‍ സഭ ഭൂമി ഇടപാട്: പ്രശ്‌ന പരിഹാരത്തിന് കെസിബിസിയുടെ ശ്രമം

0
45

കൊച്ചി: ഭൂമിയിടപാട് വിവാദവുമായി ബന്ധപ്പെട്ട് സിറോ മലബാര്‍ സഭയിലുണ്ടായ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ കെസിബിസിയുടെ ശ്രമം. കെസിബിസി അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് സൂസെപാക്യവും സീറോ മലങ്കര സഭാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ബസോലിയോസ് ക്ലിമിസ് ബാവയുമാണ് മധ്യസ്ഥ ശ്രമങ്ങളുമായി രംഗത്തെത്തിയിട്ടുള്ളത്.

അടുത്ത ദിവസം തന്നെ ഇരുവരും സിറോ മലബാര്‍ സഭാ സ്ഥിരം സിനഡുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ രംഗത്തു വന്ന വൈദികരുമായും ചര്‍ച്ച നടത്തുമെന്നാണ് വിവരം. ഇതിനു മുന്നോടിയായി ഇന്ന് പാലാരിവട്ടത്തെ പാസ്റ്ററല്‍ ഓറിയന്റല്‍ സെന്ററില്‍ കെസിബിസി പ്രാഥമിക ചര്‍ച്ചകള്‍ നടത്തി.

ഏതൊക്കെതരത്തിലാണ് ചര്‍ച്ചകളുമായി മുന്നോട്ടുപോവേണ്ടത്, ഏതു രീതിയിലാണ് സിനഡിനെ സമീപിക്കേണ്ടത് എന്നതൊക്കെ സംബന്ധിച്ച ചര്‍ച്ചകളാണ് ഇന്ന് നടന്നതെന്നാണ് സൂചന.

സിറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ കര്‍ദിനാളിനെ വിമര്‍ശിച്ച് വൈദിക സമിതി രംഗത്തെത്തിയിരുന്നു. കര്‍ദിനാള്‍ രാജ്യത്തെ നിയമത്തിനു കീഴ്‌പെടണമെന്നും ഉത്തമ ക്രിസ്ത്യാനി ഉത്തമ പൗരനായിരിക്കണമെന്നും വൈദിക സമിതി പറഞ്ഞിരുന്നു.