അയോധ്യയില്‍ എത്രയും പെട്ടെന്ന് രാമക്ഷേത്രം നിര്‍മിക്കുമെന്ന് ആര്‍എസ്എസ്‌

0
53

നാഗ്പൂര്‍: അയോധ്യയില്‍ തന്നെ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന ആഹ്വാനവുമായി ആര്‍എസ്എസ്. രാമക്ഷേത്രത്തിന് പകരം അവിടെ മറ്റൊന്നും ഉയരില്ലെന്നും, എത്രയും പെട്ടെന്ന് തന്നെ രാമക്ഷേത്രം നിര്‍മിക്കുമെന്നും ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ബയ്യാജി ജോഷി ഞായറാഴ്ച വ്യക്തമാക്കി.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് ഉറപ്പാണ്. രാമക്ഷേത്രമല്ലാതെ മറ്റൊന്നും അവിടെ ഉയരില്ല. എല്ലാ പ്രവര്‍ത്തികള്‍ക്കും കൃത്യമായ നടപടിക്രമങ്ങളുണ്ട്. ഞങ്ങള്‍ സുപ്രിം കോടതിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും രാമക്ഷേത്രത്തിന് അനുകൂലമായ വിധി തന്നെ കോടതിയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് വിശ്വാസമെന്നും ജോഷി കൂട്ടിച്ചേര്‍ത്തു. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയായി നാലാം തവണയും തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് ജോഷിയുടെ പ്രതികരണം.

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം മുസ്ലിമുകള്‍ക്കെതിരെയുള്ള പ്രശ്നമല്ലെന്നും മറിച്ച് വിഷയം അഭിമാനത്തിന്റേതാണെന്നും നേരത്തെ ജോഷി വ്യക്തമാക്കിയിരുന്നു. ഇവിടെ വിഷയം ഏതെങ്കിലും ക്ഷേത്രത്തിന്റേയോ, ഭൂമിയുടേതോ അല്ല, മറിച്ച് ആത്മാഭിമാനത്തിന്റേതാണ്, അടിമത്തം തുടച്ച് നീക്കപ്പെടേണ്ടതിന്റേതാണന്നും ജോഷി പറഞ്ഞു.