ആര്‍എസ്എസിനെതിരെ ഒന്നും പറയാതിരിക്കാനും സിപിഐഎമ്മിനെ ഫാസിസ്റ്റ് പാര്‍ട്ടിയായി മുദ്ര കുത്താനുമാണ് സുധാകരന്റെ ശ്രമം; പി.ജയരാജന്‍

0
70

കൊച്ചി: കെ. സുധാകരനെതിരെ വീണ്ടും വിമര്‍ശനവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. ആര്‍എസ്എസിനെതിരെ ഒന്നും പറയാതിരിക്കാനും സിപിഐഎമ്മിനെ ഫാസിസ്റ്റ് പാര്‍ട്ടിയായി മുദ്ര കുത്താനുമാണ് സുധാകരന്റെ ശ്രമമെന്ന് ജയരാജന്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജയരാജന്റെ വിമര്‍ശനം. സംഘപരിവാറിനെയും, സംഘപരിവാറിനെതിരെ പൊരുതുന്ന സിപിഐഎമ്മിനേയും ഒരുപോലെ കണക്കാക്കുമെന്ന സുധാകര രാഷ്ട്രീയത്തിന്റെ അപകടം ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുകയാണെന്നും, അതിന്റെ ഭാഗമായാണ് എടയന്നൂരില്‍ കൊല ചെയ്യപ്പെട്ട യുവാവ് പ്രതിനിധാനം ചെയ്യുന്ന മതസംഘടനയുടെ പ്രസിദ്ധീകരണത്തില്‍ ‘രാഷ്ട്രീയ ദുര്‍ഗുണങ്ങള്‍’ നിറഞ്ഞ നേതാവെന്ന് സുധാകരനെ വിശേഷിപ്പിച്ചതെന്നും ജയരാജന്‍ ആരോപിച്ചു.

പി. ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ..

ഗുജറാത്ത് കൂട്ടക്കൊലയ്ക്കും രാജ്യത്തുടനീളം ദളിതരെയും ന്യൂനപക്ഷങ്ങളെയും കമ്യൂണിസ്റ്റ് – പുരോഗമന വാദികളേയും ആക്രമിക്കുന്നതിനും നേതൃത്വം നൽകിയ സംഘപരിവാറിനെയും, സംഘപരിവാറിനെതിരെ പൊരുതുന്ന സി.പി.ഐ.എം നെയും ഒരേ പോലെ കണക്കാക്കുമെന്ന സുധാകര രാഷ്ട്രീയത്തിന്റെ അപകടം ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കയാണ്.

അതിന്റെ ഭാഗമായാണ് എടയന്നൂരിൽ കൊല ചെയ്യപ്പെട്ട യുവാവ് പ്രതിനിധാനം ചെയ്യുന്ന മത സംഘടനയുടെ പ്രസിദ്ധീകരണത്തിൽ “രാഷ്ട്രീയ ദുർഗുണങ്ങൾ” നിറഞ്ഞ നേതാവെന്ന് സുധാകരനെ വിശേഷിപ്പിച്ചത് .

ഈ നേതാവിന്റെ സാമീപ്യമാണ് ആക്രമത്തിന്റെ വഴിയിലേക്ക് ചെറുപ്പക്കാരനെ തള്ളി വിട്ടിട്ടുള്ളത് എന്ന് ഈ ലേഖനം അഭിപ്രായപ്പെട്ടിട്ടുണ്ട്.രാഷ്ട്രീയ ദുർഗുണങ്ങളിൽ ഒന്ന് സുധാകരന്റെ സംഘപരിവാർ വിധേയത്വമാണ് . ഈ അപകടകരമായ രാഷ്ട്രീയം താൻ ഇനിയും തുടരുമെന്നാണ് സുധാകരൻ ആവർത്തിച്ചു കൊണ്ടിരിക്കുന്നത് . ജനാധിപത്യവാദികളും മതനിരപേക്ഷവാദികളും ഇതിനെതിരെ പ്രതികരിക്കണമെന്നഭ്യർത്ഥിക്കുന്നു.
ബിജെപി അഖിലേന്ത്യ നേത്യത്വത്തിന്റെ നിർദ്ദേശമനുസരിച്ചാണ് സുധാകരൻ ഇപ്പോഴും പ്രവർത്തിക്കുന്നത് എന്ന അക്ഷേപം ശരിയാണെന്ന് അദേഹത്തിന്റെ ഒടുവിലെത്തെ വാർത്ത സന്മേളനവും തെളിക്കുന്നു .

ആർ എസ് എസിനെതിരെ ഒന്നും പറയാതിരിക്കാനും സിപിഐഎമ്മിനെ ഫാസിസ്റ്റ് പാർട്ടിയായി മുദ്ര കുത്താനുമാണ് അദേഹത്തിന്റെ ശ്രമം. ഇത് ആർ എസ് എസ് അജണ്ടയല്ലാതെ മറ്റെന്താണ് ?? കോൺഗ്രസ് നേതാവിന്റെ ഇത്തരം നീക്കങ്ങളെ മതനിരപേക്ഷ വാദികൾ ഒറ്റപെടുത്തുക തന്നെ ചെയ്യും.