‘എന്റെ ജീവിത പങ്കാളി ഒരു പോരാളിയാണ്, പ്രതിബന്ധങ്ങളോട് എത്ര മനോഹരമായാണ് അദ്ദേഹം പോരാടുന്നത് ‘

0
84

ന്യൂഡല്‍ഹി: ഇര്‍ഫാന്‍ ഖാന്റെ അസുഖത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി അദ്ദേഹത്തിന്റെ ഭാര്യയും നിര്‍മാതാവും എഴുത്തുകാരിയുമായ സുതാപ സിക്ദര്‍. ഫെയ്‌സ് ബുക്കിലൂടെയാണ് സുതാപ തന്റെ ഭര്‍ത്താവിന്റെ രോഗത്തെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിച്ചത്.

രോഗത്തെ കുറിച്ച് അറിയാനുള്ള ആകാംക്ഷയാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ കാരണമാകുന്നതെങ്കിലും തെറ്റായ കാര്യങ്ങള്‍ മറ്റുള്ളവരിലെത്തിക്കാന്‍ ശ്രമിക്കരുതെന്ന്‌ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ സുതാപ അഭ്യര്‍ത്ഥിക്കുന്നു. വിഷമകരമായ സമയത്ത് തങ്ങളോടൊപ്പം ഉണ്ടായിരുന്ന എല്ലാവരോടും അവര്‍ കുറിപ്പിലൂടെ നന്ദിയും പറയുന്നു. ഏറ്റവും അടുത്ത സുഹൃത്തായ തന്റെ ഭര്‍ത്താവ് ഒരു പോരാളിയാണ് എന്ന വിശേഷണത്തോടെയാണ് ഫെയ്‌സ് ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

മാര്‍ച്ച് അഞ്ചാം തീയതി ‘താന്‍ അപൂര്‍വമായ രോഗത്തിന് ചികിത്സയിലാണെന്നും മുഴുവന്‍ വിവരങ്ങളും ലഭ്യമായ ശേഷം എല്ലാവരേയും അറിയിക്കാമെന്നും’ ഇര്‍ഫാന്‍ ഖാന്‍ ട്വീറ്റ് ചെയ്തിരുന്നു. അതിനെ തുടര്‍ന്നാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കാന്‍ ആരംഭിച്ചത്. ഇര്‍ഫാന്‍ ഖാന് തലച്ചോറില്‍ അര്‍ബുദമാണ്‌ എന്നായിരുന്നു ചില ഓണ്‍ലൈന്‍ വെബ്‌സൈറ്റുകള്‍ നല്‍കിയ വാര്‍ത്ത. തുടര്‍ന്നാണ് പ്രതികരണവുമായി സുതാപ സിക്ദര്‍ രംഗത്തെത്തിയത്.

സുതാപ സിക്ദറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

എന്റെ ഏറ്റവും അടുത്ത സുഹൃത്തായ ജീവിത പങ്കാളി ഒരു പോരാളിയാണ്. ജീവിതത്തിലെ ഓരോ പ്രതിബന്ധങ്ങളോടും എത്ര മനോഹരമായാണ് അദ്ദേഹം പോരാടുന്നത്. എനിക്കു വന്ന ഫോണ്‍കോളുകള്‍ക്കും മെസേജുകള്‍ക്കും മറുപടി നല്‍കാന്‍ സാധിക്കാത്തതില്‍ ഖേദിക്കുന്നു. അതോടൊപ്പം എല്ലാവരുടെയും കരുതലിനും പ്രാര്‍ത്ഥനയ്ക്കും ഞാന്‍ കടപ്പെട്ടിരിക്കുന്നു. എന്നെയും ഒരു യോദ്ധാവാക്കി മാറ്റിയതില്‍ ദൈവത്തിനും എന്റെ പങ്കാളിക്കും നന്ദി പറയുന്നു. ഒരു യോദ്ധാവിനെ പോലെ യുദ്ധഭൂമിയില്‍ പ്രയോഗിക്കേണ്ട തന്ത്രങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ് ഞാന്‍ ഇപ്പോള്‍.

മുന്നോട്ടുള്ള പോക്ക് ഏറെ വിഷമകരമാണ്. എന്നാല്‍ കുടുംബവും സുഹൃത്തുക്കളും ഇര്‍ഫാന്റെ ആരാധകരും എന്നില്‍ കൊളുത്തിയ പ്രതീക്ഷയുടെ തിരിനാളങ്ങള്‍ എന്നെ ഏറെ പ്രത്യാശയുള്ളവള്‍ ആക്കി മാറ്റിയിരിക്കുന്നു. വിജയിക്കുമെന്ന നല്ല പ്രതീക്ഷ എനിക്കുണ്ട്. ആകാംക്ഷ ജനിക്കുന്നത് കരുതലില്‍ നിന്നാണെന്ന് എനിക്കറിയാം. നിങ്ങളുടെ ആകാംക്ഷയെ ഇതെന്താണ് എന്നതില്‍ നിന്നും എന്തായിരിക്കണം എന്നതിലേക്ക് മാറ്റേണ്ടതുണ്ട് എന്നാണ് എന്റെ അഭിപ്രായം. നമ്മുടെ അമൂല്യമായ ഊര്‍ജ്ജം എന്താണ് എന്നു അന്വേഷിച്ചു നഷ്ടപ്പെടുത്താതിരിക്കാം.

ജീവിത സംഗീതത്തില്‍ നമുക്ക് മനസ്സ് ഏകാഗ്രമാക്കൂ എന്നതാണ് എനിക്കു നിങ്ങളോടുള്ള വിനീതമായ അപേക്ഷ. ഒപ്പം വിജയത്തിലേക്ക് കുതിക്കുന്ന ജീവ നൃത്തത്തിലും. എന്റെ കുടുംബം എത്രയും വേഗം ഈ നൃത്തത്തില്‍ പങ്ക് ചേരും എന്നും ഞാന്‍ ഉറപ്പുതരുന്നു.

എല്ലാവരോടും ഹൃദയത്തിന്റെ ആഴത്തില്‍ നിന്നുള്ള നന്ദി അറിയിക്കുന്നു.

എന്ന്
സുതാപ ഇര്‍ഫാന്‍ ബബില്‍ അയാന്‍