കനത്ത കാറ്റിനും മഴയ്ക്കും സാധ്യത;ബുധനാഴ്ച വരെ കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

0
69

തിരുവനന്തപുരം: തെക്കന്‍കേരള, തമിഴ്‌നാട് തീരത്ത് കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ബുധനാഴ്ച വരെ കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശ്രീലങ്കന്‍ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിയാര്‍ജിച്ചു മുന്നോട്ടു പോകുകയാണെന്നും മുന്നറിയിപ്പില്‍ പറയുന്നു.

തിരുവനന്തപുരം മുതല്‍ കന്യാകുമാരി വരെ തെക്കന്‍ തീരത്ത് കനത്ത കാറ്റിനു സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. കാറ്റിന്റെ വേഗം മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെയാകാമെന്നും അറിയിപ്പുണ്ട്. അടുത്ത 36 മണിക്കൂര്‍ ഈ മേഖലയില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നായിരുന്നു ഞായറാഴ്ച രാത്രി നല്‍കിയ നിര്‍ദേശം. ഇതാണ് ഇപ്പോള്‍ ബുധനാഴ്ച വരെ നീട്ടിയിരിക്കുന്നത്.